റീൽസ് എടുക്കുന്നതിനിടെ ന്യൂജൻ ബൈക്ക് ഓട്ടോയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്; റോഡിൽ റീൽസ് എടുത്താൽ ​കൈകാൽ തല്ലി ഒടിക്കുമെന്ന് മുന്നറിയിപ്പ്

തിരുവല്ല: റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാല് കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്കയാണ് പരിക്കേറ്റത്. ഓട്ടോ തല കീഴായി മറിയുകയും ബൈക്ക് പൂർണമായും തകരുകയും ചെയ്തു.

ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി (19), ബൈക്ക് ഉടമയും സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ.ആർ. രാഹുൽ (19) എന്നിവരെ നാട്ടുകാർ തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ മറ്റുരണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു. അതേസമയം, സംഭവത്തിൽ പരാതിയില്ലെന്ന് പരിക്കേറ്റ സണ്ണി അറിയിച്ചതിനാൽ പിടിയിലായ യുവാക്കൾക്ക് താക്കീത് നൽകി രക്ഷിതാക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു.

അതിവേഗം പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞാണ് സണ്ണിക്ക് പരിക്കേറ്റത്. ഇദ്ദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒരു വർഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ചത്. ഇതിനു ശേഷം രാപകലന്യേ നാനാ ദിക്കുകളിൽ നിന്നായി റീൽസ് എടുക്കുവാൻ ചെറുപ്പക്കാർ അടങ്ങുന്ന സംഘം എത്താറുള്ളതായും കാൽനട യാത്രക്കാർക്കടക്കം ഇക്കൂട്ടർ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും പ്രദേശവാസികൾ പറഞ്ഞു.

ചൊവ്വാഴ്ച അപകടം സംഭവിച്ചതോടെ ‘ഈ റോഡിൽ റീൽസ് എടുക്കുന്നവരുടെ ​കൈയും കാലും തല്ലി ഒടിക്കും’ എന്നെഴുതിയ ബാനർ കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം സ്ഥാപിച്ചു.

Tags:    
News Summary - Driver injured bike collides with auto while making reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.