തൃശൂർ: തുടരെയുള്ള വിവാദങ്ങൾക്കിടെ ബി.ജെ.പി കോർ കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. ഉച്ച കഴിഞ്ഞ് കൊച്ചിയിലാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരണം നടത്തിയ മുൻ പ്രസിഡൻറ് സി.കെ. പത്മനാഭനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
തെരഞ്ഞെടുപ്പിൽ 10 വരെ സീറ്റ് നേടുമെന്നും 35 വരെ സീറ്റിൽ രണ്ടാമത് എത്തുമെന്നുമാണ് ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ട്. എന്നാൽ, സിറ്റിങ് സീറ്റായിരുന്ന നേമത്ത് വലിയ പരാജയം നേരിടുകയും വിജയത്തിനടുത്ത് പ്രതീക്ഷിച്ചിടത്തെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഇതോടൊപ്പം സംസ്ഥാന പ്രസിഡൻറ് രണ്ടിടത്ത് മത്സരിക്കുകയും ഹെലികോപ്ടറിൽ പ്രചാരണം നടത്തുകയും ചെയ്തത് ആർ.എസ്.എസിനുള്ളിൽതന്നെ വിമർശനത്തിനിടയാക്കി. അതിന് പിന്നാലെയാണ് കുഴൽപ്പണ ഇടപാട്, സി.കെ. ജാനുവിനെ മുന്നണിയിൽ ചേർക്കാൻ പണം നൽകിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ, മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിയെ മത്സര രംഗത്തുനിന്ന് പിന്മാറ്റാൻ പണം നൽകിയെന്ന പരാതി, ഹെലികോപ്ടർ യാത്ര കള്ളപ്പണക്കടത്തിന് വേണ്ടിയായിരുന്നുവെന്ന ആരോപണം തുടങ്ങിയ വിവാദങ്ങളുയർന്നത്.
വിവാദങ്ങളിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ആർ.എസ്.എസിനെയും വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന അമർഷം നേതൃത്വത്തിനുണ്ട്. കുഴൽപ്പണ ഇടപാട് പാർട്ടിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചത്. തൃശൂർ വാടാനപ്പള്ളിയിൽ ഇതിെൻറ പേരിൽ ഗ്രൂപ് തിരിഞ്ഞ് കത്തിക്കുത്ത് വരെയുണ്ടായി. പുറത്തെ ബഹളത്തിനിടെ മുൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ സി.കെ. പത്മനാഭെൻറ പരസ്യ പ്രതികരണത്തിൽ നേതാക്കൾ എതിർപ്പിലാണ്. സി.കെ. പത്മനാഭനെ പുറത്താക്കണമെന്ന് മുരളീധരൻ -സുരേന്ദ്രൻ പക്ഷം യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.