തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിനറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാണ് നവ്യ. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ബി.ജെ.പി പ്രഖ്യാപിച്ചത്.
പാലക്കാട്ട് അന്തിമ ചിത്രമായി
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാലക്കാട്ട് എൻ.ഡി.എ സ്ഥാനാർഥിയായി സി. കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളായതോടെ പോരാട്ടത്തിന് അന്തിമ ചിത്രമായി. യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികൾ സ്ഥാനാർഥിനിർണയം കഴിഞ്ഞ് പ്രചാരണവുമായി മുന്നേറിയപ്പോൾ സ്ഥാനാർഥിനിർണയത്തിൽ വഴിമുട്ടി നിൽക്കുകയായിരുന്നു ബി.ജെ.പി. ശനിയാഴ്ച രാവിലെ വിളിച്ചുകൂട്ടിയ വാർത്തസമ്മേളനത്തിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ട് തലയൂരുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചെയ്തത്. വൈകിയാണെങ്കിലും എൻ.ഡി.എ കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലക്കാടിന് ഇനി പ്രചാരണച്ചൂടിന്റെ നാളുകൾ.
പ്രാദേശിക രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയ നേതാവാണ് സി. കൃഷ്ണകുമാർ. യുവമോർച്ച ജില്ല പ്രസിഡന്റ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭ കൗൺസിലറായിരുന്നു. 2015 മുതൽ 2020 വരെ നഗരസഭയുടെ ഉപാധ്യക്ഷ പദവിയും വഹിച്ചു.
2016ൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ച സി. കൃഷ്ണകുമാർ 46,175 വോട്ടുകൾ നേടി യു.ഡി.എഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2019ലും 2024ലും ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടുനിന്ന് മത്സരിച്ചു. 2019ൽ ശോഭ സുരേന്ദ്രന്റെ പിൻഗാമിയായാണ് പാലക്കാട്ടുനിന്ന് അദ്ദേഹം മത്സരിച്ചതെങ്കിലും തുടർന്ന് ഇരുവരും വിഭാഗീയതയുടെ ഇരുപക്ഷമായി നിലകൊണ്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽനിന്ന് മത്സരിച്ച കൃഷ്ണകുമാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.