കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവ് കൊണ്ട് മാത്രമല്ല, ബി.ജെ.പിയുടെ മൂല്യങ്ങൾ കണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ. താൻ ബി.ജെ.പിയെ ഒരു സാമുദായിക പാർട്ടിയായിട്ടല്ല, മറിച്ച് രാജ്യസ്‌നേഹികളുടെ പാർട്ടിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
''ബി.ജെ.പിയെ സാമുദായിക പാർട്ടിയായി ചിത്രീകരിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ട്. ബി.ജെ.പി ഒരിക്കലും ഒരു വർഗീയ കക്ഷിയല്ല എന്നാണ് എന്‍റെ അഭിപ്രായം. ബി.ജെ.പിക്കാരുമായി എനിക്ക് അടുത്ത ബന്ധമുള്ളത് കൊണ്ട് മാത്രം പറയുന്നതല്ല ഇത്. ഇത് രാജ്യസ്‌നേഹികളുടെ പാർട്ടിയാണ്. എല്ലാ കക്ഷികളെയും സമുദായങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നവരാണ്. അതാണ് മോദി സർക്കാരിന്‍റെ നിലപാട്. അദ്ദേഹം സംസാരിക്കുന്ന രീതി നോക്കൂ, ഒരു മതത്തെയും ആക്രമിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ബി.ജെ.പിക്കെതിരെ മതപരമായ പക്ഷപാതിത്വം ആരോപിക്കുന്നത് തികച്ചും അനീതിയാണ്'' -ശ്രീധരൻ പറഞ്ഞു.
ലവ്ജിഹാദ്, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ ബി.ജെ.പി നയം പൂർണമായും അംഗീകരിക്കുന്നുെവന്നും അദ്ദേഹം പറഞ്ഞു. ''ഞാൻ ഉറച്ച സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. അത്െകാണ്ട് തന്നെ ആരെങ്കിലും ഇറച്ചി കഴിക്കുന്നത് തനിക്ക് ഇഷ്ടവുമല്ല. ലവ് ജിഹാദ് ഇവിടെ യാഥാർഥ്യമാണ്. എത്ര ഹിന്ദുക്കളാണ് കല്യാണത്തിന്‍റെ പേരിൽ ചതിയിൽപെട്ടത്. ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും വിവാഹത്തിന്‍റെ പേരിൽ വഞ്ചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ലവ് ജിഹാദിനെ ഞാൻ ശക്തമായി എതിർക്കും'' -ശ്രീധരൻ പറഞ്ഞു.
ഇതുവരെ ജോലി സംബന്ധമായ തിരക്കുകളലായിരുന്നുവെന്നും ഇപ്പോൾ ഉത്തരവാദിത്തങ്ങൾ എല്ലാം തീർന്നതിനാൽ സമൂഹത്തിന്, പ്രത്യേകിച്ച് കേരളത്തിന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് 88ാമത്തെ വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ വികസനെമാന്നും കൊണ്ടുവന്നിട്ടില്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വ്യവസായം പോലും കേരളത്തിൽ വന്നിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്രവുമായി ഏറ്റുമുട്ടലിന്‍റെ പാതയാണ് എപ്പോഴും സ്വീകരിക്കുന്നത്. ഇത് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹകരണവും സഹായവും ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതാക്കുന്നു.
കേരളത്തിൽ ഒരു എം.എൽ.എ മാത്രമേയുള്ളൂ എന്നത് വസ്തുതയാണെങ്കിലും ബി.ജെ.പിയുടെ പ്രതിച്ഛായയും പ്രചാരണവും ഉയർത്തണമെന്നാണ് എന്‍റെ ആഗ്രഹം. കാരണം, ബി.െജ.പിക്കാർക്ക് ഉയർന്ന നിലവാരമുണ്ട്. അതിലുള്ളവർ സത്യസന്ധരാണ്. അവർ കഠിനാധ്വാനികളാണ്. എല്ലാറ്റിനുമുപരിയായി രാജ്യസ്‌നേഹികളാണ്. അതാണ് എന്നെ ബി.ജെ.പിയിലേക്ക് ആകർഷിക്കുന്നത്.
പ്രധാനമന്ത്രി മോദിയുമായും മുൻ പ്രധാനമന്ത്രി വാജ്‌പേയിയുമായും അടുത്തബന്ധമുണ്ടായിരുന്നു. പരമ്പരാഗതമായി രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പോലെയല്ല താൻ ചെയ്യുകയെന്നും ശബ്ദകോലാഹലമില്ലാതെ ഓരോ വോട്ടർമാരുടെയും ഹൃദയത്തിൽ എത്താനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.