സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രൻ: ‘ആ പറഞ്ഞത് നടനെന്ന നിലയിൽ; മുകേഷ് രാജി വെക്കണമെന്നാണ് ബി.ജെ.പി നിലപാട്'

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജി വെക്കണമെന്നതാണ് പാർട്ടി നിലപാടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയുടേത് നടനെന്ന നിലയിൽ വ്യക്തിപരമായ ആഭിപ്രായം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നേതൃത്വം പാറയുന്നതാണ് പാർട്ടി നിലപാടെന്നും സുരേഷ് ഗോപി പറയുന്നതല്ലെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് നടനെന്ന നിലയിലുള്ള അഭിപ്രായമായി കണ്ടാൽ മതി. പാർട്ടി നിലപാട് പറയാൻ അധ്യക്ഷനുണ്ടന്നും സുരേന്ദ്രൻ പറഞ്ഞു. എം.എൽ.എയുടെ രാജി വാങ്ങാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷിനെതിരെയുള്ള ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് ക്ഷുഭിതനാക്കുകയായിരുന്നു സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണെന്നും ആരോപണങ്ങളെ കുറിച്ച് നിങ്ങൾ 'അമ്മ'യിൽ പോയി ചോദിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്

" കോടതി വല്ലതും പറഞ്ഞോ മുകേഷിന്റെ കാര്യത്തിൽ, ആരോപണങ്ങൾ നിങ്ങൾ സൃഷ്ടിക്കുന്നതാണ്. എല്ലാം കോടതി പറയും. ആരോപണങ്ങളെ കുറിച്ച് നിങ്ങൾ 'അമ്മ'യിൽ പോയി ചോദിക്കുക. അല്ലെങ്കിൽ ഞാൻ അമ്മയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഈ ചോദ്യങ്ങൾ ചോദിക്കൂ, ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഓഫീസിനെ സംബന്ധിച്ച കാര്യങ്ങൾ ചോദിക്കുക, വീട്ടിൽ നിന്ന് ഇറങ്ങിവരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കുക. ഇപ്പോൾ ഞാൻ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിങ്ങൾക്ക് അറിയാനുണ്ടോ..ചോദിക്കൂ.. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല.

എന്നാൽ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിയിലുണ്ടെങ്കിൽ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സർക്കാർ അത് കോടതിയിൽ കൊടുത്താൽ അവർ സ്വീകരിക്കും. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ..കോടതി തീരുമാനിക്കും"- സുരേഷ് ഗോപി പ്രതികരിച്ചു.

Tags:    
News Summary - BJP rejects Suresh Gopi; 'Mukesh should resign'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.