കൊച്ചി: കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തിനു വിരുദ്ധമായി ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ മാത്രം ഉൾപ്പെടുത്തിയതിൽ പാർട്ടിയിൽ അസ്വാരസ്യം പുകയുന്നു. സുരേഷ് ഗോപിക്കൊപ്പം ശോഭ സുരേന്ദ്രൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവരെക്കൂടി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, ശോഭ സുരേന്ദ്രനെ ദേശീയതലത്തിൽ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമമെന്നും ദലിത് വിഭാഗത്തിൽനിന്ന് പി. സുധീർ കോർ കമ്മിറ്റിയിലുള്ള സാഹചര്യത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ വേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ തഴഞ്ഞത്.
കോർ കമ്മിറ്റിക്ക് പാർട്ടിയിൽ ഉയർന്ന പരിഗണന ഉള്ളതിനാൽ നേതൃരംഗത്ത് ഇവരുടെ സാന്നിധ്യം ഇഷ്ടമല്ലാത്ത സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ ഇടപെടലാണ് ഇവർ തഴയപ്പെടാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കേന്ദ്രനേതൃത്വത്തിന്റെ നേരിട്ടുള്ള നിയമനമായതിനാൽ സുരേഷ് ഗോപിയെ തൊട്ടാൽ പൊള്ളുമെന്നതാണ് അദ്ദേഹത്തിനെതിരെ ആരും തിരിയാതിരുന്നത്. എന്നാൽ, സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്ക് അനഭിമതയായ ശോഭയുടെ കാര്യത്തിൽ ഏതാനും വർഷങ്ങളായി തുടരുന്ന അവഗണനയാണ് ഇപ്പോഴത്തെ വെട്ടിനിരത്തലിന് പിറകിലെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭക്ക് കഴക്കൂട്ടം സീറ്റ് നൽകിയത് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ്. എ.പി. അബ്ദുല്ലക്കുട്ടിക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയപ്പോൾ ശോഭയാണ് തഴയപ്പെട്ടത്. പാർട്ടിയുടെ അംഗത്വ കാമ്പയിൻ കാലത്ത് ദക്ഷിണേന്ത്യൻ മേഖലയിലെ സഹകൺവീനറായിരുന്ന ശോഭ സുരേന്ദ്രൻ മികച്ച പ്രകടനം നടത്തിയതിന് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം അവർക്ക് അന്നത്തെ ദേശീയ പ്രസിഡന്റ് അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, തീപ്പൊരി വനിത നേതാവായ ശോഭയെ കേരളത്തിന് വേണമെന്ന് പറഞ്ഞ് സംസ്ഥാന നേതാക്കൾ പാലം വലിച്ചത്രേ. അതേ നേതാക്കളാണ് ഇപ്പോൾ ശോഭയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി കോർ കമ്മിറ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കേന്ദ്രത്തിന് താൽപര്യം.
എം.ടി. രമേശിനെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരു വിഭാഗം നീക്കം നടത്തിയെങ്കിലും മെഡിക്കൽ കോഴക്കേസിലെ രേഖകൾ പാർട്ടിയുടെ സംസ്ഥാന പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറിന് എത്തിച്ച് നൽകി അതുതടഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കുഴൽപണക്കേസ് വീണ്ടും പൊക്കിക്കൊണ്ടുവരാനും ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.