കോട്ടയം: എം.ടി, കമല്‍, ചെഗുവേര വിവാദങ്ങളില്‍ ബി.ജെ.പി സംസ്ഥാന സമിതിയില്‍ സി.കെ. പദ്മനാഭനും എ.എന്‍. രാധാകൃഷ്ണനും രൂക്ഷവിമര്‍ശം. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നേതൃനിരയിലെ പ്രമുഖര്‍ രംഗത്തത്തെിയതോടെ വിവാദം അടഞ്ഞ അധ്യായമാണെന്നും ഇതുസംബന്ധിച്ച ചര്‍ച്ച അവസാനിച്ചെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ നടപടിയൊന്നും വേണ്ടെന്നും വിവാദങ്ങള്‍ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, ഇരുവരുടെയും പ്രസ്താവനകളില്‍ ശരിതെറ്റുകളുണ്ടെന്ന തിരിച്ചറിവിലാണ് ഇത്തരത്തിലൊരു മധ്യമനിലപാടിലേക്ക് കുമ്മനം പോയതെന്നാണു സൂചന. ബി.ജെ.പിയില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെയും നീക്കങ്ങള്‍ തിരിച്ചറിയണമെന്നും കുമ്മനം പറഞ്ഞു.
കണ്ണൂര്‍ കലോത്സവ വേദിയില്‍പോലും മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പരാമര്‍ശം നടത്തി. അദ്ദേഹത്തിന്‍െറ അസഹിഷ്ണുതയാണ് ഇതിനുപിന്നില്‍. ബി.ജെ.പിക്കെതിരായ എതു നീക്കവും ശക്തമായി നേരിടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാവിലെ ആരംഭിച്ച സംസ്ഥാന സമിതിയില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനമാണു കുമ്മനമടക്കമുള്ള പ്രമുഖനേതാക്കള്‍ അഴിച്ചുവിട്ടത്.
സി.കെ. പദ്മനാഭന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പ്രസ്താവന നടത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. സി.കെ. പദ്മനാഭന്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ നിലപാടു കടുപ്പിക്കരുതെന്ന അഭ്യര്‍ഥനയും കുമ്മനം മുതിര്‍ന്ന നേതാക്കളോട് നടത്തിയത്രെ.
എന്നാല്‍, പദ്മനാഭനെതിരെ നിലപാട് കടുപ്പിച്ചാണ് ആര്‍.എസ്.എസ് മുന്നോട്ടുപോകുന്നത്. രാധാകൃഷ്ണനെ പിന്തുണക്കുന്ന സമീപനമാണു സംസ്ഥാന സമിതിയിലും ആര്‍.എസ്.എസ് പ്രതിനിധികള്‍ കൈക്കൊണ്ടത്. ഒ. രാജഗോപാലിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രാധാകൃഷ്ണന്‍െറ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മതന്യൂനപക്ഷങ്ങളെ ബി.ജെ.പിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപംനല്‍കി. ക്രൈസ്തവ സഭകളുടെ പിന്തുണയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍, കേരള കോണ്‍ഗ്രസ് നിലപാടുകളില്‍ നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചു. ബി.ജെ.പിയെ ഉപയോഗിച്ച് കെ.എം. മാണി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാണി ബി.ജെ.പിയിലേക്ക് എന്ന പ്രചാരണം ശക്തമാവുമെന്നും ഇതു കരുതിയിരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയായി. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങളുടെ നിയമനം വൈകുന്നതിലുള്ള അതൃപ്തിയും ഉയര്‍ന്നു. കോര്‍ കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.