കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം സൃഷ്ടിക്കാൻ കഴിയുന്നവരെ ഇറക്കാൻ ബി.ജെ.പി. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ആലപ്പുഴയിലും അനിൽ ആന്റണിയെ എറണാകുളത്തും ശോഭാസുരേന്ദ്രനെ കോഴിക്കോടും മത്സരിപ്പിക്കാനാണ് നീക്കം. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ, സാഹചര്യം വന്നാൽ രംഗത്തിറങ്ങും.
സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ ചിലരെ ലക്ഷ്യമിട്ടു കൂടിയാണ് ബി.ജെ.പി നീക്കം. കെ. മുരളീധരനാണ് ഇതിൽ പ്രധാനി. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനം രാജശേഖരനെ വീഴ്ത്തിയതിന് പകരമായി വടകരയിൽ മുരളീധരൻ മത്സരിച്ചാൽ എങ്ങനെയെങ്കിലും തോൽപിക്കണമെന്ന നിലപാടിലാണ് പാർട്ടി. എം.ടി. രമേശ് ഉൾപ്പെടെയുളളവരാണ് വടകരയിൽ പരിഗണനയിലുള്ളത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ ഇറക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, നിർമല സീതാരാമൻ എന്നിവരിൽ ആരെങ്കിലും സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷ. ആറ്റിങ്ങലില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരനാണ് സാധ്യത.
എറണാകുളത്ത് അനില്‍ ആന്റണി കന്നി മത്സരത്തിനിറങ്ങിയേക്കും. പാലക്കാട് സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാറും തൃശൂരില്‍ സുരേഷ് ഗോപിയും സീറ്റുറപ്പിച്ച നിലയിലാണ്. കോഴിക്കോട് ശോഭാസുരേന്ദ്രനും സജീവമാണ്. കഴിഞ്ഞതവണ വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയിൽ ഇറങ്ങണമെന്നാണ് ബി.ജെ.പി ആവശ്യം. തുഷാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.