കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ ഇവിടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ ബിനോയ് കുര്യൻ ജയിച്ചത്. ആർ.എസ്.എസ് നേതാവായ വത്സൻ തില്ലേങ്കരിയുടെ ജന്മനാട്ടിൽ ബി.ജെ.പിയുടെ ഉറച്ച വോട്ടുകൾ പോലും ചോർന്നത് ചൂടേറിയ ചർച്ചയായി. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞപ്പോൾ സി.പി.എമ്മിന് ഗണ്യമായി വോട്ട് കൂടിയതാണ് ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്. കോൺഗ്രസിനെതിരെയുള്ള ബി.ജെ.പി വോട്ട് സി.പി.എമ്മിന് അനുകൂലമാകുമെന്ന സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.
ജില്ലയിലെ പാർട്ടി ഗ്രാമമായ തില്ലേങ്കരിയിൽ സി.പി.എം -ആർ.എസ്.എസ് ബദ്ധവൈരികളായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവിടെയാണ് ബി.ജെ.പിയിലെ വോട്ട് ചോർച്ച സി.പി.എമ്മിന് സഹായമായത്. യു.ഡി.എഫ് കഴിഞ്ഞതവണ 285 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇത്തവണ എൽ.ഡി.എഫിന് 6980 ഒാളം വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2000 വോട്ടുകളുടെ ചോർച്ചയാണ് ഇത്തവണ ബി.ജെ.പിക്കുണ്ടായത്. കേരള കോൺഗ്രസ് (േജാസ് കെ. മാണി) വിഭാഗം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായതെന്നാണ് സി.പി.എമ്മിെൻറ വിശദീകരണം. എന്നാൽ, േജാസ് കെ. മാണി വിഭാഗത്തിന് ഇവിടെ കാര്യമായ സ്വാധീനമില്ല. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോർജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടർന്നാണ് തില്ലേങ്കരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ലിൻഡ ജെയിംസാണ് പിന്നീട് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിെൻറ 57 ശതമാനത്തിലധികം നേടിയാണ് എല്‍.ഡി.എഫ് അട്ടിമറി വിജയം കരസ്ഥമാക്കിയത്.
ആകെ പോൾ ചെയ്ത 32,580 വോട്ടിൽ ബിനോയ് കുര്യൻ - 18,687, ലിൻഡ ജെയിംസ് -11,707 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില. ബി.ജെ.പിക്ക് ആകെ പോള്‍ ചെയ്ത വോട്ടിെൻറ 4.09 ശതമാനം മാത്രമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി കൂട്ട ജയപ്രകാശിന് 1333 വോട്ട് ലഭിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 122 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പിക്ക് ജില്ല പഞ്ചായത്തിേലക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ലഭിച്ചത് 50 വോട്ട് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.