കൊച്ചി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. സങ്കുചിത രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിട്ടതെന്ന് വിലയിരുത്തിയാണ് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ പൊതുതാൽപര്യ ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
കണ്ണൂർ പിണറായിയിൽ ബി.ജെ.പി പ്രവർത്തകനായ രഞ്ജിത്, പയ്യന്നൂരിൽ സി.കെ. രാമചന്ദ്രൻ, പാലക്കോട് ബിജു, തിരുവനന്തപുരം ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ്, പാലക്കാട് കഞ്ചിക്കോട്ട് ഒരേ ആക്രമണത്തിൽ വിമല, രാധാകൃഷ്‌ണൻ, കൊല്ലം കടയ്ക്കലിൽ ബി.ജെ.പി പ്രാദേശിക നേതാവായ രവീന്ദ്രൻ പിള്ള, ധർമടം ആണ്ടല്ലൂരിൽ സന്തോഷ്കുമാർ എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
അന്വേഷണത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടാൻ ഹരജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിലെ അപാകത, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഉത്തരവുകൾക്കനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിക്കുക, നീതി നടപ്പാവില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുക എന്നീ കാരണങ്ങളാലാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നത്.
ഹരജിയിലൂടെ ചൂണ്ടിക്കാട്ടിയ ഏഴ് കേസിലും ഇത്തരമൊരു സാഹചര്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. തികച്ചും രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഹരജിയാണിത്. ഇവ സി.ബി.ഐയ്ക്ക് വിടാൻ തക്ക കേസുകളല്ല. മാത്രമല്ല, ഇൗ കേസുകളുമായി ബന്ധപ്പെട്ട കക്ഷികളല്ലാതിരിക്കെ ഇത്തരമൊരു ഹരജി നൽകാൻ ഹരജിക്കാർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി ഒേട്ടറെ കൊലപാതകങ്ങൾ നടക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് രണ്ട് ജില്ലകളിലാണ് ഇതൊക്കെ നടക്കുന്നത്. പരസ്‌പരമുള്ള പഴിചാരലും രാഷ്ട്രീയ മുതലെടുപ്പും മാറ്റി നിർത്തിയാൽ താഴേത്തട്ടിലുള്ള ജനങ്ങളാണ് കനത്ത വില നൽകേണ്ടി വരുന്നത്. ഏതു പാർട്ടിയിലായാലും ഉന്നത രാഷ്ട്രീയ നേതാക്കൾ സുരക്ഷിതരാണ്. ഇങ്ങനെ മനുഷ്യ ജീവൻ നഷ്ടപ്പെടുന്നതിൽ കോടതിക്ക് ദുഃഖമുണ്ട്. കേസുകളുടെ ഗുണദോഷ വശങ്ങളിലേക്ക് കോടതി കടന്നിട്ടില്ലെന്നും ഹരജിയിലെ നിരീക്ഷണങ്ങൾ ഒരുതരത്തിലും കേസുകളിലെ തുടർ നടപടികളെ സ്വാധീനിക്കരുതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.