തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിലെപോലെ സ്വീകാര്യത ലഭിക്കില്ലെന്ന ആശങ്കയിൽ ബി.ജെ.പിയുടെ പെരുന്നാൾ ഗൃഹസന്ദർശനം പാളി. അണികളുടെ എതിർപ്പ് പരിഗണിച്ചും ബി.ജെ.പി പെരുന്നാൾ ദിനത്തിലെ മുസ്ലിം ഗൃഹസന്ദർശന പരിപാടി പേരിന് മാത്രമായി ചുരുങ്ങുമെന്ന് നേരത്തെ തന്നെ അഭിപ്രായമുയർന്നിരുന്നു. ഇതിനുപുറമെ, പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയാൽ മതിയെന്നും കരുതിയിരുന്നു. എന്നാൽ, എല്ലാം എട്ടു നിലയിൽ പൊട്ടിയിരിക്കുകയാണ്. പ്രതികരണം മോശമാകുമെന്ന ഭയമാണ് പിൻമാറ്റത്തിന് പിന്നിലെന്ന് പറയുന്നു.
തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ്ഷോ, യുവാക്കളുമായുള്ള ആശയവിനിമയം എന്നിവയിലൊക്കെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഒരുക്കത്തിനായി സുരേന്ദ്രൻ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം കൊച്ചിയിലാണ്. അതിനാൽ ഭവനസന്ദർശനം ഇല്ലെന്നാണ് നേതൃത്വവുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. എന്നാൽ ക്രിസ്മസ്, ഈസ്റ്റർ, വിഷു ദിന പരിപാടികൾക്ക് ലഭിച്ച പിന്തുണ മുസ്ലിം വിഭാഗത്തിൽനിന്ന് ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നുള്ള പിൻവലിയൽ ആണിതെന്ന് വ്യകതമാണ്.
കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ നിർദേശാനുസരണമാണ് ആലോചിച്ചതെങ്കിലും പ്രവർത്തകർക്ക് പരിപാടിയിൽ അത്ര താൽപര്യമില്ല. ക്രിസ്ത്യൻ വോട്ട് ബാങ്കിലേക്കുള്ള പ്രവേശനം പോലെ മുസ്ലിം വോട്ട് ലഭിക്കില്ലെന്നും പാർട്ടി വിലയിരുത്തുന്നു. പ്രകോപനപരമായ നടപടികളുണ്ടാകുമോയെന്ന ആശങ്കയും ബി.ജെ.പി കേരളഘടത്തിനുണ്ട്.
എന്നാൽ, ക്രിസ്ത്യൻ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരാനാണ് തീരുമാനം. പല ക്രിസ്ത്യൻ രാഷ്ട്രീയ നേതാക്കളും ബി.ജെ.പിയോട് ചേർന്ന് പ്രവർത്തിക്കാൻ തയാറായതും പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.