തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് വ്യാപനത്തിെൻറ കാരണമറിയലും സൂക്ഷ്മപരിശോധനയും ലക്ഷ്യമിട്ടുള്ള മെഡിക്കൽ ഒാഡിറ്റിന് തുടക്കം. സംസ്ഥാന മെഡിക്കൽ ബോർഡിനു കീഴിൽ മൈക്രോബയോളജിസ്റ്റുകളടക്കം 20 വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. രോഗപ്പകർച്ച സാഹചര്യങ്ങൾ വിലയിരുത്തുകയെന്നതിനപ്പുറം സമഗ്ര വിവരശേഖരണവും പഠനവുമാണ് ലക്ഷ്യം. രണ്ടു ലക്ഷത്തിലേറെയുള്ള കോവിഡ് രോഗികളിൽ 52 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. പ്രമേഹവും സ്റ്റിറോയിഡുകളുടെ ഉപയോഗവുമാണ് രോഗകാരണമെന്ന് വിലയിരുത്തിയതെങ്കിലും ഇൗ രണ്ടു പശ്ചാത്തലമില്ലാത്തവരിലും രോഗം കണ്ടെത്തി. എന്നാൽ, കനത്ത പ്രമേഹബാധയുള്ള കോവിഡ് ബാധിതരിൽ രോഗബാധയുണ്ടായിട്ടുമില്ല.
ഇൗ സാഹചര്യത്തിലാണ് രോഗവ്യാപനത്തിെൻറ യഥാർഥ കാരണവും രോഗപ്പകർച്ച സാധ്യതയും കൃത്യമായി കണ്ടെത്തി അതിനനുസരിച്ച് പ്രതിരോധം ശക്തമാക്കാൻ ലക്ഷ്യമിടുന്നത്. നിലവിലെ രോഗാവസ്ഥ മാത്രമല്ല, നേരത്തേയുള്ള ആരോഗ്യ-ചികിത്സ പശ്ചാത്തലം, കഴിച്ച മരുന്നുകൾ, ഭക്ഷണ രീതികൾ, സാമൂഹിക-സാമ്പത്തിക സ്ഥിതി, ജീവിത-തൊഴിൽ സാഹചര്യങ്ങൾ, വീട്ടന്തരീക്ഷം, വ്യക്തിഗത ശീലങ്ങൾ തുടങ്ങിയവയടക്കമുള്ള സമഗ്ര വിവരശേഖരണം നടക്കും.
രണ്ടു ഘട്ടങ്ങളായാണ് പഠനം. രോഗബാധിതരിലെ വിവര ശേഖരണമാണ് ഇതിൽ ഒന്നാമത്തേത്. 52 പേരെയാണ് പഠനവിധേയമാക്കുന്നത്. 10 ദിവസം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കും. 52 പേരിലും പൊതുവായി കണ്ടെത്തിയ രോഗപ്പകർച്ച സാഹചര്യം കണ്ടെത്താം. അങ്ങനെയല്ലാത്തസാഹചര്യങ്ങളാണ് രണ്ടാംഘട്ടത്തിൽ പഠിക്കുക. രോഗിയുടെ വീടിെൻറ അയൽപക്കത്തെ മൂന്നു കുടുംബങ്ങളിലെ അംഗങ്ങളെയും പഠനവിധേയമാക്കും. ഹോസ്റ്റലാണെങ്കിൽ സമീപത്തെ മൂന്നു മുറികളിലുള്ളവരെ പരിഗണിക്കും. ആശുപത്രികളിലാണെങ്കിൽ സമീപ കിടക്കളിലുണ്ടായിരുന്നവരെയും. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നയാളിനാണ് രോഗമെങ്കിൽ സാമ്പിളുകൾ ജനിതക പഠനത്തിനും വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.