തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ ആറ് ചാക്കുകളിലായി എത്തിച്ച പണത്തിൽ ഒന്നര കോടി രൂപ ഒരു മാസത്തിന് ശേഷം പാർട്ടി ജില്ല പ്രസിഡന്റിന്റെ കാറിൽ കൊണ്ടുപോയെന്ന് തിരൂർ സതീഷ്. കൊടകര കുഴൽപണ കേസിൽ തുടരന്വേഷണത്തിന് വഴിവെച്ച വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി ജില്ല ഓഫിസിലെ മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി ജില്ല ഓഫിസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം വന്നിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയതായി തിരൂർ സതീഷ് പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരാണ് കള്ളപ്പണ ഇടപാടുകൾക്ക് നേതൃത്വം കൊടുത്തത്. ആറ് ചാക്കുകളിലായാണ് പണം കൊണ്ടുവന്നത്. അതിൽ മൂന്ന് ചാക്ക് ജില്ല ട്രഷറർ മൂന്നുപേർക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയെന്ന് അറിയില്ല. ധർമരാജൻ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്ന് ചാക്കുകൾ ഓഫിസിൽനിന്ന് കൊണ്ടുപോയത്.
വിതരണം ചെയ്തതിൽ ബാക്കിയെന്ന് പറയുന്ന ഒന്നര കോടി രൂപ ഒരു മാസത്തോളം ജില്ല ഓഫിസിൽ സൂക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പും തൃശൂർ പൂരവും കഴിഞ്ഞ് ഈ പണം ഒരു ചാക്കിലും രണ്ട് ബിഗ് ഷോപ്പറിലുമായി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ കാറിലാണ് കൊണ്ടുപോയത്. അനീഷ് കുമാറും ഹരിയും സുജയ് സേനനും കൂടിയാണ് പണം കാറിൽ കൊണ്ടുവെച്ചത്. ഈ പണം എവിടേക്ക് കൊണ്ടുപോയെന്ന് അറിയില്ല.
പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകൾ തൽക്കാലം പ്രദർശിപ്പിക്കുന്നില്ലെന്ന് സതീഷ് പറഞ്ഞു. പണം ആർക്ക് കൊടുത്തു, എന്തിന് ഉപയോഗിച്ചു എന്നീ കാര്യങ്ങൾ പുറത്ത് വരണം. ഈ പണം പാർട്ടി കാര്യങ്ങൾക്ക് ഉപയോഗിച്ചതായി അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തനിക്ക് അറിവില്ല. ബി.ജെ.പി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്നും തിരൂർ സതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.