ജി. സുധാകരനെ വട്ടമിട്ട് കോൺഗ്രസും ബി.ജെ.പിയും

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ നോട്ടമിട്ട് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ. സുധാകരൻ സി.പി.എം നേതൃത്വത്തിൽനിന്ന് നിരന്തരം അവഗണന നേരിടുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണ് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ നോട്ടമിട്ട് തുടങ്ങിയത്. എന്നാൽ, സി.പി.എമ്മിനോട് അതൃപ്തിയുണ്ടെന്ന് സുധാകരൻ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. പാർട്ടി വിടുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുമില്ല. ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാടുള്ള ആളാണ് സുധാകരൻ. എന്നിട്ടും തങ്ങളുടെ നയങ്ങളോട് പാതി അനുകൂലിക്കുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ അവകാശപ്പെട്ടത്.

സുധാകരന്‍റെ വീടിനുസമീപം നടന്ന സി.പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ക്ഷണിക്കാതിരുന്നതാണ് അദ്ദേഹത്തോടുള്ള സി.പി.എം നേതൃത്വത്തിന്‍റെ അവഗണന വ്യക്തമാക്കുന്ന അവസാന സംഭവം. കുറേക്കാലമായി പാർട്ടി പരിപാടികളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നില്ല. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ എം.എൽ.എയായിരിക്കെ തുടക്കമിട്ട പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽപോലും അദ്ദേഹത്തിന്‍റെ പിൻഗാമിയായി എത്തിയ എച്ച്. സലാം എം.എൽ.എ സുധാകരനെ പങ്കെടുപ്പിക്കാത്തത് പാർട്ടി പ്രവർത്തകരുടെപോലും വിമർശനത്തിന് കാരണമാകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് സുധാകരൻ പങ്കെടുത്ത പൊതുയോഗങ്ങൾ നടന്നത്. കഴിഞ്ഞമാസം വി.എസ്. അച്യുതാനന്ദന്‍റെ ജന്മദിനാഘോഷം പ്രമാണിച്ച് സി.പി.എം സംഘടിപ്പിച്ച പരിപാടിയിലും സുധാകരനെ ക്ഷണിച്ചില്ല. അന്ന് വൈകീട്ട് നാട്ടുകാരും സാധാരണ പാർട്ടി പ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സുധാകരനെ ക്ഷണിച്ചിരുന്നു. കേക്ക് മുറിച്ച് അദ്ദേഹമാണ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തത്.

ഞായറാഴ്ച സുധാകരനെ കെ.സി. വേണുഗോപാൽ എം.പി സന്ദർശിച്ചതോടെയാണ് മറ്റ് പാർട്ടികൾ അദ്ദേഹത്തെ നോട്ടമിടുന്നു എന്ന ധാരണ പരന്നത്. കായംകുളത്ത് സുധാകരൻ അനുകൂലിയായ ജില്ല പഞ്ചായത്ത് അംഗം അഡ്വ. ബിപിൻ സി. ബാബു കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. സുധാകരനടക്കം പാർട്ടിയിലെ അസംതൃപ്തർ ബി.ജെ.പിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സമാന അഭിപ്രായം പ്രകടിപ്പിച്ചു.

Tags:    
News Summary - Congress and BJP surrounded G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.