ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിൽ കണ്ടെത്തിയത് കള്ളപ്പണം, ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചെന്ന് വിജിലൻസ്

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് വിജിലൻസ്. വ്യാഴാഴ്ച വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്‍റ് റിപ്പോർട്ടിലും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹരജിയിലുമാണ് ഇക്കാര്യങ്ങൾ വിജിലൻസ് പറയുന്നത്.

നേരത്തേ തന്നെ ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിൽ കണക്കിൽ പെടാത്ത പണമുണ്ടെന്ന് കാണിച്ച പരാതി ഉണ്ടായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ ഹൈകോടതി വിശമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. 2017ൽ ഇത്തരത്തിൽ അക്കൗണ്ടിൽ പണം എത്തിയതായി ഐ.ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇബ്രാഹംകുഞ്ഞ് പിഴയടിച്ചിരുന്നു. എന്നാൽ പിഴയടച്ച വിവരം വിജിലൻസിനോട് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നികുതി വെട്ടിച്ചതിൽ പിഴ അടച്ചതിന്‍റെ രസീതുകൾ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു.

എന്നാൽ, നികുതി അടക്കാത്ത പണമാണ് അക്കൗണ്ടിലുള്ളത് എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു. പാലം അഴിമതിയുമായി ബന്ധപ്പെട്ട പണം ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ് എന്നാണ് വിജിലൻസിന്‍റെ നിഗമനം. എന്നാൽ വരിസംഖ്യയായി ലഭിച്ച പണമാണ് ഇതെന്നായിരുന്നു നേരത്തേ ഇബ്രാഹംകുഞ്ഞ് പറഞ്ഞത്. ടി.ഒ സൂരജിനും ഇതേ കാലയളവിൽ പണം ലഭിച്ചിട്ടുണ്ട്. ഈ പണം കൊണ്ട് ടി.ഒ സൂരജ് മകന്‍റെ പേരിൽ വസ്തു വാങ്ങി എന്നാണ് വിജിലൻസിന് നൽകിയ മൊഴി.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

അതേസമയം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന വിജിലൻസ് കോടതി നിർദ്ദേശത്തിൽ തുടർ നടപടികൾ ഇന്നുണ്ടാകും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ്‌ നിർദ്ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.