കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ സംഘ്പരിവാർ സംഘടന ഭാരത് മസ്ദൂർ സംഘിന്(ബി.എം.എസ്) അംഗീകാരം നേടുന്നതിലേക്ക് നയിച്ച മുന്നേറ്റത്തിനുകാരണം തൊഴിലാളികൾക്കിടയിലെ രാഷ്ട്രീയ ധ്രുവീകരണമാണെന്ന് സി.െഎ.ടി.യു വിലയിരുത്തൽ. സി.പി.എമ്മുകാരല്ലാത്തവരും ഏറെയുള്ള സി.െഎ.ടി.യുവിൽ ഇടത് ആഭിമുഖ്യമില്ലാത്ത തൊഴിലാളികൾ ഹിതപരിശോധന സമയത്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. ഇതിൽ ആർ.എസ്.എസ് ഇടപെടൽ ശക്തമാണെന്നും പറയുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ആർ.എസ്.എസ് ഇൗരീതിയിൽ തൊഴിലാളികൾക്കിടയിൽ ചരടുവലി നടത്തിയത്. ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ ദൂരവ്യാപക ഫലമുണ്ടാക്കിയേക്കുമെന്നും സി.െഎ.ടി.യു ആശങ്കപ്പെടുന്നു.രണ്ടു വർഷമായി ആർ.എസ്.എസ് കേരളത്തിൽ തൊഴിലാളികൾക്കിടയിൽ പ്രത്യേക സെല്ലായി പ്രവർത്തിക്കുന്നുണ്ട്. ഇടതുപക്ഷ സംഘടനകളിൽനിന്നും അടർത്തിയെടുക്കാവുന്നവരെ ബി.എം.എസിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.
'സി.െഎ.ടി.യുവിന് 35ശതമാനവും എ.െഎ.ടി.യു.സിക്ക് ഒമ്പതുശതമാനവും വോട്ട് ലഭിച്ചിട്ടുണ്ട്. ആകെ 44 ശതമാനം. കേരളത്തിലെ ജനങ്ങളിലുള്ള ഇടതുപക്ഷ സ്വാധീനം കെ.എസ്.ആർ.ടി.സിയിൽ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷക്കാരല്ലാത്ത സി.െഎ.ടി.യു അംഗങ്ങൾ മറിച്ച് വോട്ടുചെയ്തിട്ടുണ്ട്' -നേതൃത്വം പ്രതികരിച്ചു. 'കെ.എസ്.ആർ ടി.സി മാനേജ്മെൻറിെൻറ ചില സമീപനങ്ങൾ സി.െഎ.ടി.യുവിന് പ്രതികൂലമായി. 3000ലധികം എം പാനലുകാരെ പിരിച്ചുവിട്ടതിൽ ഏറെയും സി.െഎ.ടി.യുക്കാരായിരുന്നു. ഇതും വോട്ട് ചോർച്ചക്ക് കാരണമായി' -നേതാക്കൾ പറയുന്നു.
കെ.എസ്.ആർ.ടി.സിയിൽ നടന്ന ഹിതപരിശോധനയിൽ 18.21ശതമാനം വോട്ട് നേടിയാണ് ബി.എം.എസ് അംഗീകാരം നേടിയത്. നിരവധി ഡിപ്പോകളിൽ ബി.എം.എസ് കുതിപ്പ് നടത്തി. പാലായിൽ ബി.എം.എസ് ഒന്നാം സ്ഥാനത്താണ്. തലശ്ശേരി, ബത്തേരി, കോഴിക്കോട് എന്നിവിടങ്ങളിലും അവിചാരിത മുന്നേറ്റമാണ് നടത്തിയത്. സി.െഎ.ടി.യു, യു.ഡി.എഫിെൻറ ടി.ഡി.എഫ് എന്നീ സംഘടനകളാണ് അംഗീകാരം നേടിയ മറ്റു യൂനിയനുകൾ. കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് ചർച്ച നടത്തുന്നത് അംഗീകാരമുള്ള സംഘടനകൾ മുഖേനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.