താനൂർ/പരപ്പനങ്ങാടി: താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരണം 22 ആയി. മരിച്ചതിൽ ഏഴുപേർ കുട്ടികളാണ്. പത്തു പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. അപകടം നടന്നത് മുതൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു.
മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ ആറിന് തന്നെ തുടങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലുമായാണ് പോസ്റ്റ്മോർട്ടം നടന്നത്. 21 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ബോട്ട് സർവീസ് നടത്തിയവർ പറഞ്ഞെങ്കിലും 22 പേർ മരിക്കുകയും ഒമ്പതുപേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും നാലുപേർ നീന്തി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 35 പേരുടെ കണക്കുകളാണ് ഇതുവരെ ലഭിച്ചത്. ഇനിയും ആളുകളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ടെന്നും ആരെയും കാണാനില്ലെന്നുള്ള പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. എന്നാലും തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.