കോട്ടയം: താനൂരിലെ ബോട്ട് ദുരന്തം ഓർക്കുമ്പോൾ ടൂറിസം ഗ്രാമമായ കുമരകത്തിനും ആശങ്ക വെടിയാനാവില്ല. തലങ്ങും വിലങ്ങും ഹൗസ്ബോട്ടുകൾ പായുന്ന വേമ്പനാട്ടുകായലിലും ദുരന്തങ്ങൾ അകലെയല്ല. എപ്പോൾ വേണമെങ്കിലും ആഘോഷയാത്ര കണ്ണീരിലൊടുങ്ങാം. തേക്കടി ബോട്ട് ദുരന്തത്തിനുശേഷം നിയമങ്ങൾ കർശനമാക്കിയെന്നും അനധികൃതമായി ഹൗസ്ബോട്ടുകൾ ഓടുന്നില്ലെന്നുമാണ് അധികൃതർ പറയുന്നത്.
എന്നാൽ, രജിസ്ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഒട്ടേറെ ഹൗസ്ബോട്ടുകൾ പലസമയങ്ങളിലായി തുറമുഖവകുപ്പ് പിടിച്ചെടുക്കാറുണ്ട്. കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ്ബോട്ടുകളാണ് ഏറെയും ഓടുന്നത്. ഇങ്ങനെ ഓടുന്ന ബോട്ടുകൾ പിടിച്ചുകെട്ടണമെന്ന് കോടതിവിധിയുണ്ട്. സേഫ്റ്റി സർവേ എല്ലാവർഷവും പൂർത്തിയാക്കണമെന്നാണ് നിയമമെങ്കിലും നടക്കാറില്ല.
അഞ്ചുകൊല്ലത്തേക്ക് നൽകുന്ന രജിസ്ട്രേഷൻ പുതുക്കാനും മടിയാണ്. ഹൗസ് ബോട്ടുകൾക്കു ലൈസൻസ് ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം, ഇന്‍ഷുറസ് രേഖകള്‍, മൂന്നു വര്‍ഷത്തിലൊരിക്കല്‍ കരക്കു കയറ്റിയുള്ള അറ്റകുറ്റപ്പണിയും പരിശോധനയും അഗ്നിശമന സംവിധാനം എന്നിവ വേണം. ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1580 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും സർവേയും ഇല്ലാത്തവയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ഹൗസ്ബോട്ടുകളാണ്. സഞ്ചാരികളുടെ ആവശ്യമനുസരിച്ച് ഏതു ഹൗസ്ബോട്ടും ശിക്കാരയും ലഭ്യമാകും. എന്നാൽ, ഇവയെല്ലാം കൃത്യമായ പരിശോധനസംവിധാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ആർക്കുമറിയില്ല. അനധികൃത ഹൗസ്ബോട്ടുകൾ തങ്ങൾക്ക് ഭീഷണിയാകുന്നതായി രജിസ്റ്റേഡ് ഹൗസ്ബോട്ട് ഉടമകൾ തന്നെ ഒരിക്കൽ പരാതിപ്പെട്ടിരുന്നു.
നിലവിൽ ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് മതിയാവില്ല. പരിശോധന സമയത്ത് എല്ലാം കൃത്യമായിരിക്കുമെങ്കിലും യാത്രയിൽ എല്ലാം മാറിമറിയും. സീസൺസമയത്ത് കൂടുതൽ ആളുകൾ കയറുന്നതും സുരക്ഷാസംവിധാനങ്ങളെ താളംതെറ്റിക്കും. ഹൗസ്ബോട്ടുകളിലെ പാചകവും അപകടസാധ്യത ക്ഷണിച്ചുവരുത്തുന്നതാണ്.
പെട്ടെന്ന് കത്തിപ്പടരാൻ സാധ്യതയുള്ളവയാണ് ഹൗസ്ബോട്ടുകൾ.പാചകവാതകം ഉപയോഗിച്ചുള്ള ഭക്ഷണമൊരുക്കൽ കണ്ണൊന്നുതെറ്റിയാൽ വൻ ദുരന്തത്തിനു കാരണമാകും. അടുത്തിടെ വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടിന് തീപിടിച്ചെങ്കിലും സഞ്ചാരികളെ രക്ഷപ്പെടുത്താനായി.
കോട്ടയം: കുമരകത്തു നടന്ന ഏറ്റവും വലിയ ബോട്ടപകടത്തിന് 21 വർഷം തികയുകയാണ്. 2002 ജൂലൈ 27നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മുഹമ്മയിൽനിന്ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു വന്ന ജലഗതാഗതവകുപ്പിന്റെ എ 53 നമ്പർബോട്ട് കായലിൽ മുങ്ങി 29 പേരാണ് മരിച്ചത്.
പി.എസ്.സി പരീക്ഷ എഴുതാൻ കോട്ടയത്തേക്കു വന്നിരുന്ന മുഹമ്മ സ്വദേശികളായിരുന്നു യാത്രക്കാരിലേറെയും. രാവിലെ 6.10ന് കുമരകം ജെട്ടിയിൽ എത്തുന്നതിനു മുമ്പ് ഒരു കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. നിലവിൽ പരിശോധനകൾ കൃത്യമായി നടക്കുന്നതിനാൽ ജലഗതാഗതവകുപ്പിന്റെ ബോട്ടുകൾക്ക് സുരക്ഷാഭീഷണിയില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.