കൊച്ചി: പനമ്പിള്ളിനഗറിൽ പിറന്നുവീണയുടൻ 23കാരിയായ അമ്മ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്ന ചോരക്കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിൽ രാവിലെയായിരുന്നു സംസ്കാരം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അസാന്നിധ്യത്തിൽ എറണാകുളം സൗത്ത് പൊലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നും പൊലീസ് മൃതദേഹം ഏറ്റുവാങ്ങി കൊച്ചി കോർപറേഷൻ മേയർക്ക് കൈമാറി. തുടർന്നാണ് ശ്മശാനത്തിൽ എത്തിച്ചത്. അടുത്തിടെ രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചുകുഞ്ഞിനെ സംസ്കരിച്ചതിനോട് ചേർന്നാണ് ഈ കുഞ്ഞിനും അന്ത്യവിശ്രമം ഒരുക്കിയത്. കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപറേഷനിലെ ജീവനക്കാരും നേരിട്ടെത്തി. മേയർ അനിൽ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. പലരും പൂക്കൾ അർപ്പിക്കുകയും ചെയ്തു.
14 ദിവസം റിമാൻഡിലായ 23കാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുടെ വിശദ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഡി.എൻ.എ പരിശോധന നടത്താൻ യുവതിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ രക്തസാമ്പിൾ ശേഖരിച്ചത് ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് തുറന്നുപറയാൻ യുവതിക്ക് ഭയമായിരുന്നു. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാനുള്ള സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഫ്ലാറ്റിലെ ശൗചാലയത്തിൽ പ്രസവം നടന്നു. കുഞ്ഞിന്‍റെ കരച്ചിൽ മാതാപിതാക്കൾ കേൾക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുകയും തുണി തിരുകുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. എട്ടുമണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.