മാന്നാർ: പന്നായി പാലത്തിൽനിന്നും പമ്പാനദിയിലേക്കു ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. മാന്നാർ കുട്ടമ്പേരൂർ പതിനഞ്ചാം വാർഡിൽ താന്നിക്കൽ ക്ഷേത്രത്തിനു സമീപം ദേവൂട്ടി വീട്ടിൽ അമ്പിളി കുമാറി(45)ന്‍റെ മൃതദേഹമാണ് തെരച്ചിലിന്‍റെ മൂന്നാം ദിവസം കണ്ടെത്തിയത്.
തിരുവല്ല -കായംകുളം സംസ്ഥാനപാതയിലെ മാന്നാർ പന്നായിക്കടവ് പാലത്തിൽ നിന്ന് ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അമ്പിളി കുമാർ ചാടിയത്. ഓടിച്ചുകൊണ്ടുവന്ന ബൈക്ക് ഉപേക്ഷിച്ചശേഷമാണ് ആറ്റിലേക്ക് ചാടിയത്. മാന്നാർ പൊലീസ്, തിരുവല്ല ഫയർ ഫോഴ്‌സ്, ചെങ്ങന്നൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, പത്തനംതിട്ട സ്‌കൂബ ടീം എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ തെരച്ചിൽ നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ കുരട്ടിശ്ശേരി പാവുക്കര കൂര്യത്ത്കടവിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കായംകുളം മുതുകുളം ചൂളത്തെരുവ് പത്മനിവാസ് കുടുംബാംഗമായ അമ്പിളി കുമാർ മാന്നാറിൽ നിന്ന് വിവാഹം കഴിഞ്ഞു ഇവിടെ താമസിച്ചു വരികയായിരുന്നു. കോവിഡിൽ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി. വരുമാനമില്ലായ്മ, വീടു വാങ്ങിയതിലെ വായ്പ അടവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു. വീടിനോട് ചേർന്ന് ചെറിയതോതിൽ പച്ചക്കറി - ചെരുപ്പ് - തുണി കച്ചവടം നടത്തിവരികയായിരുന്നു.
സംസ്കാരം കോവിഡ് പരിശോധന ഫലത്തിനു ശേഷം കുട്ടമ്പേരൂരിലെ വീട്ടുവളപ്പിൽ നടത്തും. ഭാര്യ: അനിതകുമാരി. മക്കൾ: ഐഷാനി, ആഗ്നേയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.