ഇരിക്കൂർ (കണ്ണൂർ): പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതൽ ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാന (28), ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയു (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഒഴുക്കിൽപെട്ടതിന് 200 മീറ്റര്‍ അകലെ പോതിയിറങ്ങിയകുണ്ടിൽ ഷഹര്‍ബാനയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ദുരന്തനിവാരണസേന ബോട്ടുപയോഗിച്ച് പുഴയിലെ വെള്ളം ഇളക്കിമറിച്ചപ്പോള്‍ മൃതദേഹം മുകളിലേക്ക് ഉയര്‍ന്നുവരുകയായിരുന്നു. അതിനുശേഷം വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് ഏറെ സമയത്തിനു ശേഷം ഉച്ചയോടെ സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയതിന് അൽപം താഴെനിന്നാണ് സൂര്യയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കൂർ പൊലീസ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസും നിരവധി നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു.
ഇരിക്കൂര്‍ സിഗ്ബ കോളജിലെ അവസാന വര്‍ഷ ബി.എ സൈക്കോളജി വിദ്യാര്‍ഥിനികളായ ഇരുവരും ചൊവ്വാഴ്ച വൈകീട്ടാണ് ഒഴുക്കിൽപെട്ടത്. സുഹൃത്തായ ജസീനയുടെ വീട്ടിലെത്തിയ ഇവർ പുഴയോരത്തെത്തി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.
എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും ഹഫ്സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഭര്‍ത്താവ്: ഷെഫീഖ് (ചെന്നൈ). നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.