Representational Image

തെരുവുനായ്ക്കൾക്ക് ഊർജിത വാക്സിനേഷൻ: ഏകോപനം എം.എൽ.എമാരുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ഊർജിത വാക്സിനേഷൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ ജില്ല ഭരണകൂടം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും തീരുമാനം. നായ്ക്കളുടെ ആക്രമണം എവിടെയാണോ കൂടുതൽ അവിടെയാവും വാക്സിനേഷന് മുൻഗണന നൽകുക. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, കലക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയന്‍റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന നാലംഗ സമിതിയാവും ജില്ലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.

ഉദ്യോഗസ്ഥരുടെയോ വിദഗ്ധരുടെയോ സഹായം ആവശ്യമുണ്ടെങ്കിൽ യോഗങ്ങളിലേക്ക് വിളിക്കാനും തദ്ദേശ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും കലക്ടർമാരുടെയും യോഗം തീരുമാനിച്ചു. ജില്ലകളിലെ പ്രവർത്തനങ്ങളുടെ വിശകലനം ആഴ്ചയിലൊരിക്കൽ നടത്തണം.

പ്രതിദിന റിപ്പോർട്ട് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വാങ്ങണം. എ.ബി.സി വാക്സിനേഷൻ പുരോഗതി, എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കൽ, ഷെൽട്ടർ ഒരുക്കൽ എന്നിവ ജില്ലകളിൽ വിലയിരുത്തണമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാൻ ഹോട്ടൽ, റസ്റ്റാറന്‍റ്, കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാംസ വ്യാപാരികൾ എന്നിവരുടെ യോഗം ജില്ല അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം വിളിച്ചുചേർക്കണം. മാലിന്യം തള്ളുന്നത് കർശനമായി തടയണം. ക്ലീൻ കേരള കമ്പനി വഴി മാലിന്യം നീക്കം ചെയ്യും.

നായ്ക്കളുടെ വാക്സിനേഷനിൽ എം.എൽ.എമാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. എം.എൽ.എമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, ഹോട്ടൽ, റസ്റ്റാറൻറ് അസോസിയേഷൻ, തൊഴിലാളി സംഘടനകൾ, വ്യവസായികൾ, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെടുന്ന മണ്ഡലം തല യോഗം ഒരാഴ്ചക്കുള്ളിൽ ചേരും. ജില്ല ഭരണകൂടം വേണ്ട സഹായം ചെയ്യും. ഇതിനായി നോഡൽ ഓഫിസർമാരെ നിയോഗിക്കും. നായ്ക്കളെ കൊല്ലുന്ന വിഷയത്തിൽ സർക്കാറിന് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂവെന്നും മന്ത്രി രാജേഷ് പറഞ്ഞു. 

കടിയേറ്റവരുടെ എണ്ണമെത്ര

തിരുവനന്തപുരം: നായ്ക്കളിൽനിന്ന് കടിയേറ്റ മനുഷ്യരുടെ എണ്ണം സംബന്ധിച്ച ജില്ല തല വിവരം ആരോഗ്യ വകുപ്പിൽ ലഭ്യമല്ല. നായ്ക്കളിൽനിന്ന് കടിയേറ്റ മനുഷ്യരുടെ വിവരങ്ങൾ പി.എച്ച്.സി തലത്തിലാണ് ലഭിച്ചത്. ഓരോ പി.എച്ച്.സികൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനം കണ്ടെത്തി ജില്ല തലത്തിൽ ഏകോപിപ്പിക്കുമെന്ന് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു.

എന്നാൽ, ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് 22 വരെ നായ്ക്കളിൽനിന്ന് കടിയേറ്റ വളർത്തുമൃഗങ്ങളുടെ എണ്ണം 4,35,771 ആണ്. ജില്ലകളിൽ ദിനംപ്രതി 500 വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കുന്നു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ട്. ആറു ലക്ഷം ഡോസ് വാക്സിനുകൾ ഇവക്കായി സംഭരിച്ചിട്ടുണ്ട്. അധികം വാക്സിനുകൾ സംഭരിക്കാനും തീരുമാനിച്ചു. 

Tags:    
News Summary - Booster Vaccination for Street Dogs: Co ordination led by MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.