കണ്ണൂർ: കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിപ്പരിക്കേൽപിച്ച കേസിൽ ലോക്കൽ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. സംഭവത്തിൽ തലശ്ശേരി പൊലീസിന് വീഴ്ച പറ്റിയതായി റൂറൽ എസ്.പി പി.ബി. രാജീവ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചു. കേസ് പൊലീസ് ഗൗരവത്തിൽ ഉൾക്കൊണ്ടില്ല.
രാത്രി സ്റ്റേഷനിലെത്തിച്ച പ്രതി പൊന്ന്യംപാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദിനെ വിട്ടയച്ചത് വീഴ്ചയാണ്. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ലെന്നും എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. തലശ്ശേരി എസ്.എച്ച്.ഒ എം. അനിൽ, ഗ്രേഡ് എസ്.ഐമാർ എന്നിവർക്കെതിരെയും വിമർശനമുണ്ട്. ഷിഹാദിനെ അറസ്റ്റു ചെയ്യാതെ പറഞ്ഞുവിട്ടത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് നാരങ്ങാപ്പുറം മണവാട്ടി കവലയിലാണ് സംഭവം. രാജസ്ഥാനിൽനിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ദമ്പതികളുടെ മകൻ ആറു വയസ്സുള്ള ഗണേഷിനെയാണ് ഷിഹാദ് ചവിട്ടിത്തെറിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ഷിഹാദ് അറസ്റ്റിലായത്.
റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കുമെന്ന് ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വ്യക്തമാക്കി. ഇതിനിടെ ഷിഹാദിനെ (20) ഒരു ദിവസത്തേക്ക് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന ഷിഹാദിനെ, തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.
ആദ്യം ലോക്കൽ പൊലീസ് ചാർജ് ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എ.സി.പി കെ.വി. ബാബുവിന്റെ നേതൃത്വത്തിലാണ് ഇനിയുള്ള അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഷിഹാദിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ഷിഹാദിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഷിഹാദ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.