നാട്ടുകാർക്ക്​ കൗതുകക്കാഴ്ചയായി മാത്യൂസി​െൻറ 'പറക്കും തളിക'

പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരനായ മാത്യൂസ് നിർമിച്ച നാലു ചക്ര വാഹനം കൗതുകക്കാഴ്ചയാവുകയാണ്. അങ്കമാലി തുറവൂര്‍ മഞ്ഞളി വീട്ടില്‍ ലൈജു -ദീപ ദമ്പതികളുടെ മൂത്ത മകന്‍ മാത്യൂസാണ് സ്വന്തമായി വാഹനമുണ്ടാക്കി ഓടിക്കണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ലോക് ഡൗണ്‍ വേളയിലെ നാലു മാസക്കാലത്തായിരുന്നു വാഹന ഭാഗങ്ങൾ സ്വരൂപിച്ചതും നിർമാണം നടത്തിയതും​.

കൗതുകകരവും സാഹസികവുമായ വാഹനങ്ങള്‍ നിർമിക്കാനായിരുന്നു മോഹം. യൂട്യൂബ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. അതോടെ അവ എങ്ങനെയാണുണ്ടാക്കുന്നതെന്ന് പഠിക്കാന്‍ ശ്രമിച്ചു. അതിനായി വീട്ടിലെ പഴയ ബൈക്കിന്‍െറ ഭാഗങ്ങള്‍ എടുത്തു. പിന്നീട് ആവശ്യമായവ പഴയ സാധനങ്ങൾ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങി. പണം കൊടുത്ത് വീട്ടുമുറ്റത്ത് ആക്രി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കണ്ടതോടെ മാതാപിതാക്കള്‍ കണ്ണുരുട്ടി. എന്നാല്‍ അധികം വൈകാതെ മാത്യൂസിന്‍െറ അഭിരുചി മനസിലാക്കിയ മാതാപിതാക്കള്‍ ദൗത്യം പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇലക്ട്രീഷ്യനായ പിതാവ് ലൈജുവും ആവശ്യമായ സാധനങ്ങള്‍ വാങ്ങി എത്തിച്ചുകൊടുത്തു. അതോടെയാണ് വാഹനം രൂപപ്പെട്ടുവന്നത്. പഴയ ഓട്ടോയുടെ നാലു ടയറുകളാണ് ആദ്യം വാങ്ങിയത്. ഇരുമ്പ് വില നല്‍കി മിനി ലോറിയുടെ സ്റ്റിയറിങ്ങും ഒപ്പിച്ചെടുത്തു. ഇരുമ്പ് തകിടും കമ്പികളും ഉപയോഗിച്ച് പ്ലാറ്റ് ഫോമും ബൈക്കിന്‍െറ എഞ്ചിനും ഘടിപ്പിച്ചു. ലിവര്‍ വലിച്ചാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. ലൈറ്റുകള്‍ അടക്കം വൈദ്യുതിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളും പൂര്‍ത്തിയാക്കി.

4000 രൂപയാണ് വാഹനം നിർമിക്കാന്‍ വേണ്ടി വന്ന ചെലവ്. സഹോദരങ്ങളായ ജോണും ജോസഫുമാണ് സഹായികള്‍. വാഹനം രൂപാന്തരപ്പെട്ട് സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങിയതോടെ മാത്യൂസിന്‍െറ 'പറക്കും തളിക' കാണാന്‍ വീട്ടുകാരേക്കാള്‍ ആവേശം നാട്ടുകാര്‍ക്കായിരുന്നു. ഒരു ലിറ്റര്‍ പെട്രോളില്‍ 80 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് മാത്യൂസ് പറയുന്നത്.

ബോഡി ഭാഗം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ലോക് ഡൗണിന്‍െറയും മറ്റും തടസങ്ങള്‍ നീങ്ങിയാല്‍ അത് പൂര്‍ത്തിയാക്കും. കിടങ്ങൂര്‍ സെന്‍റ് ജോസഫ്​സ്​ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച ശേഷം ഉപരി പഠനത്തിനായി കാത്തിരിക്കുകയാണ്​ മാത്യൂസ്​. ഭാവിയില്‍ മെക്കാനിക് എഞ്ചിനീയറാകാനാണ് ഈ കൊച്ചു മിടുക്കന്​ ആഗ്രഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.