ബ്രഹ്മപുരം മാലിന്യ തീപിടിത്തം; ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്ന സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തെത്തുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ല. മനുഷ്യന്‍റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായാക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അര്‍ബുദം,ഹൃദ്രോഗം,ത്വക്ക്രോഗങ്ങള്‍,വന്ധ്യത,ആസ്തമ,ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യം എന്നിവയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്മപുരം തീപിടിത്തവും. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാപരിശോധന സമിതിക്ക് കെപിസിസി രൂപം നല്‍കി. എട്ടംഗങ്ങളാണ് സമിതിയിലുള്ളത്.എംപിമാരായ ബെന്നി ബെഹന്നാന്‍, ഹെെബി ഈഡന്‍, എംഎല്‍എമാരായ ടി.ജെ.വിനോദ്,ഉമാ തോമസ്, പരിസ്ഥിതി പ്രവര്‍ത്തകനും ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ.ഉമ്മന്‍ വി ഉമ്മന്‍, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി പ്രൊഫ.ലാലാ ദാസ്,ജൈവ രസതന്ത്രജ്ഞൻ ഡോ.സി.എന്‍. മനോജ് പെലിക്കന്‍, യുഎന്‍ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ.എസ്.എസ് ലാല്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. വരും ദിവസങ്ങളില്‍ ഈ സമിതി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദര്‍ശിക്കുകയും തീപിടിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയും

പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുകയും പരിഹാരമാര്‍ഗങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറുകയും ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Brahmapuram Garbage Fire; K Sudhakaran MP said that the government should compensate the affected people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.