ബ്രഹ്‌മപുരം: നിരീക്ഷണ സമിതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍; 'മതിയായ സൗകര്യങ്ങളില്ല, മാലിന്യത്തിന്റെ അളവ് കുറക്കണം'

കൊച്ചി: ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യങ്ങളില്ലെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് എങ്ങനെയാണെന്ന് നിരീക്ഷിക്കാന്‍ ഹൈകോടതി തന്നെയാണ് മൂന്നംഗ നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നത്.

തുടർന്ന് ഹൈകോടതി നിര്‍ദേശപ്രകാരം ജില്ല കലക്ടറും മലിനീകരണ ബോർഡ് ചിഫ് എൻവയോൺമെന്റൽ എൻജിനീയറും അടക്കമുള്ളവർ ബ്രഹ്മപുരത്ത് ശനിയാഴ്ച സന്ദർശനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബ്രഹ്‌മപുരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാണിക്കുന്ന നിരീക്ഷണ സമിതി, പുതിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാന്റില്‍ മതിയായ സി.സി.ടി.വി സംവിധാനങ്ങളില്ല. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. ഇൗ കെട്ടിടങ്ങള്‍ ഏതു നിമിഷവും നിലംപൊത്താം. കൊച്ചി നഗരത്തിന്റെ സമീപപ്രദേശത്തെ എട്ടു മുൻസിപാലിറ്റികളിൽ നിന്നുള്ള മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നുണ്ട്. എന്നാൽ ഇവ ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ല.

അതിനാൽ ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് കുറക്കണം. മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ബയോ മൈനിങ്ങിനുള്ള മതിയായ ഉപകരണങ്ങള്‍ ഇല്ലെന്നും നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബയോ മൈനിങ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും റിപോർട്ടിൽ പറയുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്.അതിനാൽ ഈ മാലിന്യങ്ങളുടെ സംസ്കരണം ശരിയായ രീതിയിലല്ല നടക്കുന്നത്. കെട്ടികിടക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കേന്ദ്ര മലിനീകരണ ബോർഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.