ബ്രഹ്മപുരം: ജാഗ്രത തുടര്‍ന്ന് അഗ്നിരക്ഷാസേന

കൊച്ചി: പുക ഒഴിഞ്ഞെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണം തുടരുകയാണ് അഗ്നിരക്ഷാ സേന. ഇനിയൊരു തീപിടിത്തം ഒഴിവാക്കാന്‍ സദാ ജാഗരൂകരാണ് സേനാംഗങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ബി.പി.സി.എല്‍, നേവി, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയ വിഭാഗങ്ങളെ അഗ്നി രക്ഷാദൗത്യത്തിന് ശേഷം മടക്കി അയച്ചിരുന്നു.

തീ പൂര്‍ണമായും അണച്ചെങ്കിലും ഭൂമിയിലും മണ്ണിലും ചൂടുള്ളതിനാല്‍ വീണ്ടും തീ കത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് നിരീക്ഷണം തുടരുന്നത്. ഇത്തരത്തില്‍ ചൊവ്വാഴ്ച രണ്ട് തവണ നിമിഷ നേരത്തേക്ക് പുക ഉയര്‍ന്നെങ്കിലും സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ അണച്ചു. കുറച്ച് ദിവസത്തേക്ക് കൂടി നിരീക്ഷണം തുടരാനാണ് തീരുമാനം.

നിലവില്‍ 15 ഫയര്‍ യൂനിറ്റുകളും 100 അഗ്നി രക്ഷാ ഉദ്യോഗസ്ഥരുമാണ് ബ്രഹ്മപുരത്തുള്ളത്. ഇവരെ സഹായിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ച ഫയര്‍ യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും അടുത്ത ദിവസം തന്നെ തങ്ങളുടെ സ്റ്റേഷകളിലേക്ക് മടക്കി അയക്കും. പലയിടത്തും ഉദ്യോഗസ്ഥരുടെ കുറവു നേരിടുന്ന സാഹചര്യത്തിലാണിത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്. ചെളിയില്‍ പുതഞ്ഞ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതിനുപുറമേ ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി പത്തോളം എസ്‌കവേറ്ററുകളും ബ്രഹ്മപുരത്ത് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

കലക്ടര്‍ എന്‍.എസ്.കെ ഉമേഷഷിന്റെ നേതൃത്വത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ. എസ്.സുജിത് കുമാര്‍, ജില്ലാ ഓഫീസര്‍ കെ. ഹരികുമാര്‍, തൃക്കാക്കര അഗ്നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന നിരീക്ഷണം തുടരുന്നത്.

Tags:    
News Summary - Brahmapuram: Vigilance followed by fire rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.