തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും സർക്കാർ അനുമതി നൽകിയത് എക്സൈസ് കമീഷണറുടെ മുന്നറിയിപ്പ് അവഗണിച്ച്. പുതിയ ബ്രൂവറി അനുവദിക്കുന്നതിന് 1999ലെ സർക്കാർ ഉത്തരവ് തടസ്സമാണെന്നും പുതിയ ഡിസ്റ്റിലറികൾക്ക് നയതീരുമാനം വേണമെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിയാണ് മന്ത്രിസഭയിൽപോലും ചർച്ചചെയ്യാതെ മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകിയത്.
1999 ലെ സര്‍ക്കാര്‍ തീരുമാനം അന്നത്തെ 110 അപേക്ഷക്കുമാത്രമാണ് ബാധകമെന്ന നിലപാടായിരുന്നു സർക്കാറിന്. തുടർന്ന്, നയംമാറ്റം പരസ്യപ്പെടുത്തണമെന്ന ഋഷിരാജ് സിങ്ങിെൻറ ആവശ്യവും സർക്കാർ തള്ളുകയായിരുന്നു. ഇതിനുശേഷമാണ് പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവക്ക് ബിയർ നിർമാണത്തിനും തൃശൂരിൽ ശ്രീചക്ര ഡിസ്റ്റിലറിക്ക് വിദേശ മദ്യനിർമാണത്തിനും അനുമതി നൽകിയത്. ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഋഷിരാജ് സിങ് തയാറായില്ല.
ഓൺലൈൻ വഴിയല്ലാതെ നേരിട്ടാണ് നാല് അപേക്ഷയും സ്വീകരിച്ചത്. അഴിമതി ഒഴിവാക്കാൻ ബാര്‍, ബിയര്‍പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതടക്കമുള്ളവ ഓൺലൈൻ വഴിയാക്കിയ സർക്കാർ എന്തുകൊണ്ട് ബ്രൂവറി, ഡിസ്റ്റിലറി ലൈസൻസ് ഓൺലൈൻ വഴിയാക്കിയില്ലെന്ന ചോദ്യവുമായി പ്രതിപക്ഷം ആക്രമണത്തിനു മൂർച്ച കൂട്ടി.
2016 ഒക്ടോബറിലാണ് 16ഓളം സേവനങ്ങൾ എക്സൈസ് വിഭാഗത്തിെൻറ ഓണ്‍ലൈനിൽ ഉൾപ്പെടുത്തിയത്. ഡിസ്റ്റിലറികള്‍ക്ക് മദ്യം നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആള്ക്കഹോളിനുള്ള പെര്‍മിറ്റും ഓണ്‍ലൈനിലുണ്ട്. എന്നാല്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷ മാത്രം ഓണ്‍ലൈനില്‍ എത്തിയില്ല.
വർഷങ്ങൾക്കുമുമ്പ് അപേക്ഷിച്ചവർക്ക് അനുമതി കൊടുക്കാതെ മാസങ്ങൾക്കു മുമ്പ് അപേക്ഷിച്ചവർക്കാണ് അനുമതി കൊടുത്തത്. 2018 മാർച്ച് ആറിന് അപേക്ഷ നൽകിയ ശ്രീധരൻ ബ്രൂവറീസിന് കഴിഞ്ഞ ജൂൺ 12ന് അനുമതി കൊടുത്തപ്പോൾ 2017 നവംബർ 13ന് അപേക്ഷിച്ച അപ്പോളോ പവർ ഇൻഫ്രാ ടെക്കിന് ഈ വർഷം സെപ്റ്റംബറിലും അപ്പോളോ ഡിസ്റ്റിലറീസിനു ജൂൺ 28നും അനുമതി നൽകി.
ലൈസൻസ് അനുവദിച്ചതില്‍ ചട്ട ലംഘനമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവർത്തിച്ചു. സർക്കാർ അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല. വ്യവസായ വകുപ്പുമായി ഭിന്നതയില്ലെന്നും മന്ത്രി അറിയിച്ചു. നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷത്തിെൻറ തീരുമാനം. എക്സൈസ് മന്ത്രി രാജിെവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൂന്നിന് ജില്ല എക്സൈസ് ഒാഫിസുകളിലേക്കും അഞ്ചിന് സെക്രേട്ടറിയറ്റിലേക്കും മാര്‍ച്ച് നടത്തും. എട്ടിന് രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസും ജില്ല, നിയോജകമണ്ഡലം തലങ്ങളില്‍ 11നും 15നും യു.ഡി.എഫും ധര്‍ണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.