തൃശൂർ: വീടിന് നമ്പർ ലഭിക്കുന്നതിന് അനുകൂല റിപ്പോർട്ട് നൽകാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചായത്ത് ഓവർസിയർക്ക് രണ്ടുവർഷം കഠിനതടവും ലക്ഷം രൂപ പിഴയും. മുൻ വടക്കാഞ്ചേരി പഞ്ചായത്ത് ഓവർസിയർ പത്തനംതിട്ട തുമ്പമൺ നോർത്ത് പുത്തൻകണ്ടത്തിൽ ജിമ്മി വർഗീസിനെയാണ് (64) തൃശൂർ വിജിലൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.
വടക്കാഞ്ചേരി പഞ്ചായത്ത് ആയിരിക്കെ 2010 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി മുല്ലക്കപ്പറമ്പിൽ അസീസ്, സഹോദരൻ ഹംസക്കായി പർളിക്കാട് വില്ലേജ് അമ്മാട്ടിക്കുന്ന് പുതുതായി പണിത വീടിന് കെട്ടിടനമ്പർ ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. അനുകൂല റിപ്പോർട്ട് നൽകുന്നതിന് ഓവർസിയറായിരുന്ന ജിമ്മി അസീസിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
വിവരം വിജിലൻസിന് കൈമാറിയതനുസരിച്ച് വിജിലൻസ് നൽകിയ 5000 രൂപ കൈക്കൂലിയായി നൽകുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി എസ്.ആർ. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.കെ. ഷൈലജൻ, ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.