അ​ഴി​മ​തി​: തി​രു​ത്ത​ലിനൊരു​ങ്ങി  ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പ്

തിരുവനന്തപുരം: അഴിമതിയുടെ ആസ്ഥാനമെന്ന ചീത്തപ്പേര് മാറ്റാൻ തദ്ദേശസ്വയംഭരണവകുപ്പ് നടപടിതുടങ്ങി. വിവിധവകുപ്പുകളിലെ അഴിമതിയുടെ വ്യാപ്തി പരിശോധിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടത്തിയ സർവേയിൽ തദ്ദേശവകുപ്പ് മുന്നിലെത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34  ശതമാനം അഴിമതിയും തദ്ദേശവകുപ്പിലാണ് നടക്കുന്നതെന്നാണ് സർവേഫലം. വകുപ്പിൽ അടിമുടി മാറ്റംവരുത്തുന്നതി​െൻറ ഭാഗമായി മന്ത്രി കെ.ടി. ജലീൽ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസിനെ വിളിച്ചുവരുത്തി. 

വകുപ്പിൽ നടപ്പാക്കേണ്ട അഴിമതിവിരുദ്ധ പരിഷ്കാരങ്ങൾ സംബന്ധിച്ച് വിശദ രൂപരേഖ തയാറാക്കാൻ അദ്ദേഹം ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ബോധവത്കരണം നൽകുക, ജനങ്ങൾക്ക്  അഴിമതിവിരുദ്ധ അവബോധം പകരുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ചചെയ്തത്. അതേസമയം, വകുപ്പിനെ ബാധിച്ച അഴിമതി കാൻസർപോലെ ശക്തമാണെന്നും ഒറ്റദിവസം മാറ്റാൻ പറ്റുന്നതല്ലെന്നും ജേക്കബ് തോമസ്  അറിയിച്ചതായാണ് അറിയുന്നത്. ജനനംമുതൽ മരണംവരെ പൊതുജനങ്ങൾ ഏറ്റവുമധികം അടുത്തിടപഴകുന്ന വകുപ്പാണിത്. ഇവിടങ്ങളിലെത്തുന്നവരെ നിയമത്തി‍​െൻറ കുരുക്കിൽ തളച്ചിടാനും ചുവപ്പുനാടയിൽ കുരുക്കാനും എളുപ്പമാണ്. ഈ അവസ്ഥ മാറണം. ഉദ്യോഗസ്ഥരെ നിയന്ത്രിച്ചാൽ മാത്രം പ്രശ്നപരിഹാരം കാണാനാകില്ല. വ്യവസ്ഥാപിതമായ മാറ്റമാണ് വേണ്ടത്. ഈ  സാഹചര്യത്തിൽ സമൂലമാറ്റം വരുത്തണമെങ്കിൽ നിയമപരിഷ്കരണമുൾപ്പെടെയുള്ള കാര്യങ്ങൾ വേണ്ടിവരുമെന്നും ജേക്കബ് തോമസ് മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. ഇവകൂടി പരിഗണിച്ചാകും അദ്ദേഹം റിപ്പോർട്ട് തയാറാക്കുക.  

അതിനിടെ, അഴിമതി അവസാനിപ്പിക്കാൻ ഉതകുന്നതരത്തിൽ അടിമുടി മാറ്റംവരുത്തുന്ന കാര്യം പൊതുമരാമത്ത് വകുപ്പും ആലോചിക്കുന്നുണ്ട്. അഴിമതിയുടെ കാര്യത്തിൽ റവന്യൂ വകുപ്പ് രണ്ടാംസ്ഥാനത്തും മരാമത്ത് വകുപ്പ്  മൂന്നാംസ്ഥാനത്തുമാണ്. മരാമത്ത് വകുപ്പിൽ അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചിട്ടുള്ളത്. വകുപ്പിലെ സ്ഥലംമാറ്റത്തിലുൾപ്പെടെ നിലനിന്നിരുന്ന കൊടിയ അഴിമതി അദ്ദേഹം ഇല്ലാതാക്കി. എന്നാൽ,  പുത്തൻ സാങ്കേതികസംവിധാനങ്ങളിലൂടെ അഴിമതിരഹിതപദ്ധതികൾ നടപ്പാക്കുമ്പോഴും മരാമത്ത് വകുപ്പിലെ താഴെത്തട്ടിൽ ഇപ്പോഴും അഴിമതി വ്യാപകമാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ നടപടികൾ കൂടുതൽ കർശനമാക്കാനുള്ള തയാറെടുപ്പുകളുമായി മന്ത്രി മുന്നോട്ടുപോകുന്നതായാണ് വിവരം. 

Tags:    
News Summary - bribe in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.