തിരുവനന്തപുരം: എസ്.പിയാക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസിൽ കൊടുക്കാനെന്ന പേരിൽ കേരള പൊലീസ് അസോസിയേഷനിലെ ജില്ല-സംസ്ഥാന നേതാക്കൾ ഡിവൈ.എസ്.പിയിൽനിന്ന് പണം കൈപ്പറ്റിയെന്ന പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് പൊലീസ് ടെലികമ്യൂണിക്കേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് പരാതി നൽകിയത്.
തുടർന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശപ്രകാരം ടെലികമ്യൂണിക്കേഷൻ എസ്.പി ഡി. രാജനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചത്. ഒരു സീനിയർ ഡിവൈ.എസ്.പിയാണ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിക്കാൻ പൊലീസ് അസോസിയേഷൻ നേതാക്കൾ വഴി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നൽകാനെന്ന പേരിൽ നേതാക്കൾ 25 ലക്ഷം രൂപ ആവശ്യപ്പെെട്ടന്നും അതിൽ അഞ്ചു ലക്ഷം ജില്ലാ നേതാക്കൾ വഴി ചില സംസ്ഥാന നേതാക്കൾ കൈപ്പറ്റിയെന്നുമാണ് പരാതിയിലുള്ളത്.
കോൺഗ്രസ് അനുഭാവിയായ ഈ ഉദ്യോഗസ്ഥൻ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മുൻ എം.എൽ.എ വഴി ഇതിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ ഉദ്യോഗസ്ഥന് എസ്.പിയാകാൻ മതിയായ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ആ നിർദേശം തള്ളി. എസ്.പിയാകാൻ മതിയായ യോഗ്യത ഇദ്ദേഹത്തിനില്ലെന്നും െഎ.ടി.െഎ പാസായ ഇദ്ദേഹം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും സേനാംഗങ്ങൾതന്നെ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ഒാഫിസിന് കൈമാറാൻ പണം ആവശ്യപ്പെെട്ടന്ന് പരാതിയിൽ പറയുന്നതിനാൽ വളരെ ഗൗരവത്തോടെയാണ് സർക്കാറും ഇതിനെ കാണുന്നത്. അന്വേഷണത്തിെൻറ ഭാഗമായി ടെലി കമ്യൂണിക്കേഷൻ ഡിവൈ.എസ്.പി, ജില്ലകളിലെ ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർമാർ, ഹെഡ്ക്വാർട്ടേഴ്സ് എസ്.ഐ എന്നിവരോട് അവരുടെ ഓഫിസിലെ പൊലീസുകാർക്ക് ഈ ആരോപണത്തിൽ തെളിവോ മൊഴിയോ നൽകാനുണ്ടെങ്കിൽ അതു ശേഖരിച്ച് ഏഴു ദിവസത്തിനകം കൈമാറണമെന്നാണ് നിർേദശിച്ചിട്ടുള്ളത്.
എന്നാൽ, ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന് പുറത്തുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ മാത്രമേ തെളിവു നൽകാൻ സാധിക്കുകയുള്ളൂവെന്ന നിലപാടിലാണ് പൊലീസുകാർ.ആരോപണവിധേയരെ രക്ഷിക്കാനാണ് ടെലികമ്യൂണിക്കേഷൻ എസ്.പിയെതന്നെ അന്വേഷണത്തിന് ഡി.ജി.പി ചുമതലപ്പെടുത്തിയതെന്നും അവർ ആരോപിക്കുന്നു.അന്വേഷണം ശരിയായ നിലയിലല്ലെങ്കിൽ നിയമനടപടി കൈക്കൊള്ളുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.