അടിമാലി: വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി പിടികൂടിയ സംഭവം ഒതുക്കിത്തീർക്കാൻ 36,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സ്പെൻഷൻ. ഇടുക്കി അടിമാലി ഹൈവേ പൊലീസിലെ ഗ്രേഡ് എസ്.ഐ ഷിബി ടി. ജോസഫ്, സി.പി.ഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി. സോബിൻ സോബൻ എന്നിവരെയാണ് ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാർ സന്ദർശിച്ച് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറംഗ സംഘത്തിന്‍റെ വാഹനം ഹൈവേ പൊലീസ് വാളറ വെച്ച് പരിശോധിച്ചു. വാഹനത്തിൽ നിന്നും ഒരു കഞ്ചാവ് ബീഡി പൊലീസ് കണ്ടെത്തി. ഇത് കേസാകാതിരിക്കാൻ പൊലീസ് 36,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ആവശ്യപ്പെട്ട പണം യുവാക്കളുടെ കൈയിൽ ഇല്ലായിരുന്നു. ഇതോടെ മൂന്ന് പേരെ പൊലീസ് സ്ഥലത്ത് പിടിച്ച് നിർത്തി. മറ്റ് മൂന്ന് പേരെ വാഹനത്തിലുണ്ടായിരുന്ന ടാബ് വിറ്റ് പണവുമായി വരാൻ നിർദേശിച്ച് അടിമാലിക്ക് തിരികെ അയച്ചു. ഇവർ മൂവരും അടിമാലിക്ക് വരുംവഴി മറ്റൊരു പൊലീസ് സംഘത്തിന്‍റെ മുന്നിൽപെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചതനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പൊലീസിന്‍റെ അടുത്തേക്ക് തന്നെ എത്തി.
പണം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹൈവേ പൊലീസ് വാഹനത്തിനും യുവാക്കൾക്കും എതിരെ അഞ്ച് കേസുകൾ എടുത്ത് ഇവരെ പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.
സംഭവത്തെ കുറിച്ച് ബുധനാഴ്ച വൈകീട്ട് തന്നെ ഇടുക്കി എസ്.പിക്ക് വിവരം ലഭിച്ചു. തുടർന്ന് എസ്.പിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അടിമാലി സി.ഐ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.