തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെതിരായ കൈക്കൂലി ആരോപണത്തിൽ മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ ബാസിതിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. കന്റോൺമെന്റ് പൊലീസ് സംഘം ഒമ്പത് മണിക്കൂറോളം ചോദ്യംചെയ്തിട്ടും മന്ത്രി വീണാ ജോർജിന്റെ ഓഫിസ് ജീവനക്കാരൻ അഖിൽ മാത്യു തന്നെയാണ് തന്നോട് പണം വാങ്ങിയതെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരനായ ഹരിദാസൻ.
എന്നാൽ, പരാതിക്കാരൻ പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. സംഭവദിവസം അഖിൽ മാത്യുവും മന്ത്രിയും അടക്കമുള്ളവർ പത്തനംതിട്ടയിൽ വിവാഹചടങ്ങിൽ പങ്കെടുക്കുകയായിരുന്നെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചത്. അതേസമയം പരാതിക്കാരനായ ഹരിദാസൻ തിരുവനന്തപുരത്തുണ്ടായിരുന്നെന്നും ലൊക്കേഷൻ പരിശോധനയിൽ ഉറപ്പിച്ചു.
ഹരിദാസനില്‍നിന്ന് പണം വാങ്ങിയെങ്കില്‍ ആള്മാറാട്ടമാകാമെന്നാണ് നിഗമനം. സ്ഥിരീകരണത്തിന് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടു. അഖിൽ മാത്യു അലീബി ഹരജി ഫയൽ ചെയ്താൽ ഇന്ത്യൻ തെളിവ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരം അത് തെളിയിക്കേണ്ടത് ഹരിദാസനാണ്. ഇത് പരാതിക്കാരന് തിരിച്ചടിയാകും.
ബാസിതിനോടൊപ്പമാണ് ഹരിദാസൻ പരാതിയുമായി ആദ്യം മന്ത്രിയുടെ ഓഫിസിലെത്തിത്. രേഖാമൂലം പരാതി നൽകണമെന്ന മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസൻ രജിസ്ട്രേഡ് തപാലിൽ പരാതി അയച്ചത്. ഹരിദാസൻ ബാങ്ക് അക്കൗണ്ടിലൂടെ 25,000 രൂപ കൈമാറിയ ഇടനിലക്കാരനായ അഖിൽ സജീവിനെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ചാനലുകൾക്ക് വിഡിയോ സന്ദേശങ്ങൾ അയക്കുന്ന ഇയാളെ കണ്ടെത്താൻ നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി അടുത്തബന്ധമുള്ള അഖിലിനെ സംരക്ഷിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.