തലശ്ശേരി: കൂട്ടുപുഴ കിളിയന്തറ ചെക്പോസ്റ്റിലെ കൈക്കൂലി കേസിൽ വാണിജ്യ നികുതി ഇൻസ്പെക്ടർക്കും പ്യൂണിനും തടവും പിഴയും ശിക്ഷ. ടാക്സ് ഇൻസ്പെക്ടർ തളിപ്പറമ്പ് ചിറവക്ക് പള്ളിക്കൽ ഹൗസിൽ പി. അബ്ദുൽ നാസർ (58), പ്യൂൺ ശ്രീകണ്ഠപുരം ചേലോറ ഹൗസിൽ ഇ.പി. സന്ദീപ് (39) എന്നിവരെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. അബ്ദുൽ നാസറിന് ആറുവർഷം കഠിനതടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ. സന്ദീപിന് രണ്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും. 2012ൽ വിജിലൻസെടുത്ത കേസിലാണ് തലശ്ശേരി കോടതിയുടെ വിധി.
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂനിറ്റിൽ രജിസ്റ്റർ ചെയ്താണ് കേസന്വേഷണം നടത്തിയത്. പ്രതികൾ കൂട്ടുപുഴ ചെക്പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. ചെക്പോസ്റ്റ് കടത്തിവിടാൻ ലോറി ഡ്രൈവറിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കണ്ണൂർ യൂനിറ്റ് ഡിവൈ.എസ്.പി സുനിൽബാബു കേളോത്തുംകണ്ടി രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഇൻസ്പെക്ടർ എം. കൃഷ്ണനാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി എ.വി. പ്രദീപാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.