തിരുവനന്തപുരം: നിരാലംബർക്കുള്ള നിയമസഹായത്തിന്റെ പേരിൽ സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കോൺസൽമാർ കൈക്കൂലി വാങ്ങുന്നതായി മൊഴി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്കായി ലീഗൽ എയ്ഡ് ഡിഫൻസ് കോൺസൽ ജാമ്യ ഹരജി നൽകി. എന്നാൽ, കോടതിയിലുണ്ടായിരുന്ന മറ്റൊരു അഭിഭാഷകൻ താനാണ് പ്രതിയുടെ അഭിഭാഷകനെന്ന് ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തി. വക്കാലത്ത് ആർക്കെന്നതിൽ തർക്കം വന്നതോടെ കോടതി പ്രതിയോട് ആരാണ് അഭിഭാഷകനെന്ന് ചോദിച്ചു. ഈ ഘട്ടത്തിലാണ് പ്രതി ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.
പ്രതിയെ ജയിലിൽ ചെന്ന് കണ്ട ലീഗൽ സർവിസസ് കോൺസൽ തനിക്ക് സർക്കാർ അഭിഭാഷകരിലും മറ്റും സ്വാധീനമുള്ളതിനാൽ ജാമ്യമെടുക്കാനും കേസിൽനിന്ന് രക്ഷിക്കാനും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. നിലവിലെ വക്കാലത്ത് ഒഴിയണമെന്നാവശ്യപ്പെട്ടു. കോൺസൽ ഇതിനായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പ്രതി ജഡ്ജിക്ക് മൊഴി നൽകി. പ്രതിയിൽനിന്ന് പോക്സോ കോടതി വിശദവിവരങ്ങൾ ശേഖരിച്ച് ജില്ല ജഡ്ജിക്ക് റിപ്പോർട്ട് നൽകി.
ഇതിന് പിന്നാലെ ഡിഫൻസ് കോൺസൽമാർക്കിടയിൽ നടക്കുന്ന അഴിമതിക്കെതിരെ പ്രതിയുടെ അഭിഭാഷകനായ അഫ്സൽ ഖാൻ ബാർ അസോസിയേഷന് പരാതി നൽകി. പരാതി ബാർ അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
സ്വന്തമായി അഭിഭാഷകരെ വെക്കാൻ സാധിക്കാത്തവർക്ക് നിയമ സഹായം നൽകാൻവേണ്ടി സർക്കാർ ചെലവിൽ പ്രവർത്തിക്കുന്നവരാണ് ഡിഫൻസ് കോൺസൽമാർ. തിരുവനന്തപുരത്ത് എട്ടു പേരുണ്ട്. ഇത്തരത്തിൽ സർക്കാർ നിയമനം നൽകിയവരിലൊരാൾ പോക്സോ കേസ് പ്രതിക്ക് സഹായ വാഗ്ദാനത്തിന്റെ മറവിൽ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഹൈകോടതി ഉൾപ്പെടെ ഇടപെട്ടേക്കും.
ജില്ല ലീഗൽ സർവിസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കോൺസൽമാർ സ്ഥിരമായി ചെയ്യുന്ന പ്രവൃത്തിയാണിതെന്നാണ് അഭിഭാഷകർ പറയുന്നത്. പ്രതികളുടെ കസ്റ്റഡി വിവരം അറിഞ്ഞാൽ ഡിഫൻസ് കോൺസൽമാർ അതതു പൊലീസ് സ്റ്റേഷനുകളിലെത്തി ‘സൗജന്യ നിയമ സഹായം’ എന്ന പേരിൽ പ്രതികളെ പറ്റിച്ച് സ്വന്തം നിലയിൽ കേസ് കൈക്കലാക്കും.
സർക്കാർ വക്കീലാണ്, പ്രോസിക്യൂട്ടർമാർ എല്ലാവരും തങ്ങളുടെ ആൾക്കാരാണ്, ജഡ്ജിമാരെല്ലാം വേണ്ടപ്പെട്ടവരാണ് തുടങ്ങിയ അവകാശവാദങ്ങൾ നിരത്തി ഇവർ പ്രതിയിൽനിന്ന് ഭീമമായ വക്കീൽ ഫീസ് കൈക്കലാക്കുന്നതാണ് രീതിയെന്ന് അഭിഭാഷകർ വെളിപ്പെടുത്തുന്നു.
ഏറെക്കാലമായി ഈ സാമ്പത്തിക ക്രമക്കേട് നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു അഭിഭാഷകൻ ഇക്കാര്യം ജഡ്ജിയുടെ ശ്രദ്ധയിൽപെടുത്തുന്നത്. അഭിഭാഷകരുടെ നിലനിൽപിനായി ബാർ അസോസിയേഷനും ബാർ കൗൺസിലും വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന സന്ദേശം അഭിഭാഷകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.