thodupuzha grade si 9878979

ആവശ്യപ്പെട്ടത് 10,000 രൂപ കൈക്കൂലി, അതും ഗൂഗിൾപേ വഴി; കെണിയൊരുക്കി വിജിലൻസ്, തൊടുപുഴ ഗ്രേഡ് എസ്.ഐയും ഏജന്‍റും പിടിയിൽ

തൊടുപുഴ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും വിജിലൻസ് പിടികൂടി. ചെക്ക് കേസിൽ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപയാണ് ഇവർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്. ഇടുക്കി വിജിലൻസ് യൂണിറ്റിന്‍റെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പി”ന്‍റെ ഭാഗമായാണ് ഇരുവരെയും പിടികൂടിയത്. 

തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിൽ തൊടുപുഴ കോടതിയിലുള്ള ചെക്ക് കേസ്സിൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറണ്ടിന്മേൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ-പേ വഴി നൽകണമെന്ന് എസ്.ഐ പ്രദീപ് ജോസ് ഇക്കഴിഞ്ഞ 12-ാം തിയതി ആവശ്യപ്പെട്ടു. വിദേശത്തുള്ള സുഹൃത്ത് നിർദ്ദേശിച്ച പ്രകാരം പരാതിക്കാരൻ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾപേ നമ്പർ അയച്ചു കൊടുത്തു. ഇതിലേക്ക് പണം നൽകാനും പറഞ്ഞു. 

തിങ്കളാഴ്ച പരാതിക്കാരൻ എസ്.ഐയെ വിളിച്ചപ്പോൾ പണം വൈകീട്ട് അയക്കണമെന്നും, അയച്ച ശേഷം അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്‍റെ നിർദേശപ്രകാരമായിരുന്നു തുടർ നീക്കം. ഇന്നലെ രാത്രി 10.30ന് വണ്ടിപ്പെരിയാർ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും ഗൂഗിൾപേ വഴി പണം വാങ്ങവേ എസ്.ഐ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർഥിച്ചു. 

Tags:    
News Summary - Bribery via Google Pay: thodupuzha Grade SI and agent arrested by Vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.