മട്ടാഞ്ചേരി: ബ്രിട്ടീഷ് മലബാറിെൻറ ഭാഗമായ ഫോർട്ട്കൊച്ചിയിലെ 501 കോസ്റ്റൽ ആർട്ടിലറി ആർമി ക്യാമ്പിലെ സൈനിക കേന്ദ്രത്തിൽ രാജ്യത്തിെൻറ സ്വാതന്ത്ര്യം സ്വപ്നം കണ്ടു വിപ്ലവകാരികളായ യുവാക്കൾ നുഴഞ്ഞുകയറി ബാരക്കിന് തീ കൊളുത്തിയത് 1943 ആഗസ്റ്റ് 27നായിരുന്നു.കൊച്ചിൻ ബാരക്ക് സബോട്ടേജ് എന്ന് ബ്രിട്ടീഷുകാർ പേരിട്ട സംഭവം രാജ്യത്തെ മുഴുവൻ യുവപോരാളികളിലും വലിയ ആവേശം പകർന്നുനൽകി. കൊച്ചിയും കലാപത്തിെൻറ പാതയിൽ എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്.
ഫോർട്ട് കൊച്ചിയിൽ ഇപ്പോഴത്തെ നാവിക പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പ്. അനുമതിയില്ലാതെ ഒരു ഈച്ചയെപ്പോലും കയറ്റിവിടാത്ത ക്യാമ്പിൽ രാത്രി ഒരു മണി കഴിഞ്ഞാൽ ബംഗാൾ റെജിമെൻറിലെ സൈനികരെയാണ് കാവൽ ഡ്യൂട്ടിക്ക് നിയമിച്ചിരുന്നത്.
സുഭാഷ് ചന്ദ്രബോസിെൻറ വിപ്ലവ ആദർശം മനസ്സിൽ കൊണ്ടുനടന്നിരുന്ന റെജിമെന്‍റിലെ ചില യുവാക്കളായിരുന്നു 27ന് പുലർച്ച രണ്ടോടെ കാവലിലുണ്ടായിരുന്നവർ. ഇവർ ഫോർട്ട്കൊച്ചി നിവാസികളായ മൂന്നു യുവാക്കളെ ക്യാമ്പിലേക്ക് കടത്തിവിട്ടു. ബ്രിട്ടീഷ് സൈനികർ ഗാഢനിദ്രയിലായിരുന്ന അവസരം മുതലെടുത്ത് ഇവർ ബാരക്കിന് തീകൊളുത്തി. നിമിഷനേരം കൊണ്ട് തീ പടർന്നു. ക്യാമ്പിൽ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ കത്തിയമർന്നു. തീകൊളുത്തിയ മൂന്ന് വിപ്ലവകാരികളും ബ്രിട്ടീഷ് കൊച്ചിയുടെ അതിർത്തി തോട് നീന്തി കൊച്ചി രാജ്യത്തേക്ക് കടന്നു.
സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് പട്ടാളം ഫോർട്ട് കൊച്ചിയിൽ അഴിഞ്ഞാടി. വീടുതോറും കയറി നിരപരാധികളായ യുവാക്കളെ തല്ലിച്ചതച്ചു. ഗൂഢാലോചനയിലെ പങ്ക് കണക്കിലെടുത്ത് രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്ന ബംഗാൾ റെജിമെൻറിലെ അഞ്ചുപേരെ കോർട്ട് മാർഷൽ ചെയ്ത് മദിരാശിയിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ 27ന് ബസു താക്കൂർ മാൻകുമാർ, നരേന്ദ്ര മോഹൻ മുഖർജി, നന്ദകുമാർ, ദുർഗാദാസ്റായി ചരൺ, സുനിൽകുമാർ മുഖർജി എന്നീ അഞ്ച് യുവാക്കളെ ബ്രിട്ടീഷ് സേന വെടിവെച്ചുകൊന്നാണ് വധശിക്ഷ നടപ്പാക്കിയത്.
സംഭവത്തിൽ പങ്കെടുത്ത ഫോർട്ട്കൊച്ചി സ്വദേശി കെ.ജെ. ഏണസ്റ്റിനെ പിന്നീട് ബ്രിട്ടീഷ് പൊലീസ് പിടികൂടി ക്രൂര മർദനത്തിന് ഇരയാക്കി പാലക്കാട് ജയിലിലടച്ചു. സിവിലിയനായതുകൊണ്ട് വധശിക്ഷ വിധിച്ചില്ല. കുരിശിങ്കൽ തറവാട് അംഗമായ ഏണസ്റ്റ് പിന്നീട് അഞ്ചുവർഷത്തോളം ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി കൗൺസിലറായിരുന്നു.എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിലും അഞ്ച് രക്തസാക്ഷികളുടെയും സ്മരണ പുതുക്കുകയാണ് യുവതലമുറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.