തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പിതാവിനും മകനും ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായത്താണ് രോഗബാധ കണ്ടെത്തിയത്. പിതാവ് ക്ഷീര കർഷകനാണ്. കടുത്തപനിയെ തുടർന്ന് ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗബാധ വ്യക്തമായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ കർഷകന്റെ വീട് സന്ദർശിച്ചു. നേരത്തേ നടത്തിയ പരിശോധനയിൽ ഈ കർഷകന്റെ വീട്ടിലുള്ള നാല് ഉരുക്കൾക്കും രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചിരുന്നു. എങ്കിലും വീണ്ടും സാമ്പ്ൾ ശേഖരണം നടത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാക്കും..
വെമ്പായം പഞ്ചായത്തിൽ ബ്രൂസെല്ലോസിസ് കണ്ടെത്തിയ സാഹചര്യത്തിൽ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് പാൽ പരിശോധനയും കർഷകരിൽ ബോധവത്കരണവും മൃഗസംരക്ഷണ വകുപ്പ് നടത്തും.
ബ്രൂസെല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്. സാധാരണയായി കന്നുകാലികൾ, ആടുകൾ, പന്നികൾ എന്നിവയിൽനിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളിൽ ഈ അസുഖം പ്രത്യക ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. കന്നുകാലികളിലെ ഗർഭം അലസൽ മാത്രമാണ് ലക്ഷണം. മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ പലപ്പോഴും മൃഗങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണ് .
മൃഗങ്ങളിലെ ഗർഭം അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയിലും (പ്ലാസന്റ ) മറ്റു സ്രവങ്ങളിലൂടെയുമാണ് ബ്രൂസെല്ല അണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ കൈയുറകൾ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താൽ അസുഖം പകരുന്നത് ഒരളവുവരെ തടയാനാകും. മറുപിള്ളയും മറ്റും ആഴമുള്ള കുഴികളിൽ കുമ്മായം നിക്ഷേപിച്ച് സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി.
ബ്രൂസെല്ല രോഗാണുക്കൾ പാലിലൂടെയും മറ്റു പാലുൽപന്നങ്ങളിലൂടെയും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാൽ ഒരു കാരണവശാലും ഉപയോഗിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.