ബഫർസോൺ: പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സർക്കാർ, ഫീൽഡ് സർവെ നടത്താൻ തീരുമാനം

തിരുവനന്തപുരം: കരുതൽ മേഖലയിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അതിവേഗ അനുനയ നീക്കവുമായി സർക്കാർ. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ജനവാസമേഖലയെ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാനം ആദ്യം സമര്‍പ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു.

ഭൂപടത്തിൽ ഉള്‍പ്പെടുത്തേണ്ട അധിക വിവരങ്ങളുണ്ടെങ്കിൽ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വിവരങ്ങൾ നല്‍കാം. അല്ലെങ്കിൽ വനം വകുപ്പിന് നേരിട്ടും നല്‍കാം. അധിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴുവരെ ദീര്‍ഘിപ്പിച്ചു.

ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും.

ജനവാസമേഖലയെ പൂര്‍ണമായി ഒഴിവാക്കിയും വനമേഖലയെ ഉള്‍പ്പെടുത്തിയും പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശത്തിന്‍റെ ഭൂപടമാണ് കേന്ദ്രത്തിന് കൈമാറിയിരുന്നത്.ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ഫീൽഡ് സർവേ ഉടൻ ആരംഭിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.

Tags:    
News Summary - Buffer zone: Decision to conduct field survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.