കോട്ടയം: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഒരു കിലോമീറ്റർ കരുതൽ മേഖലയുടെ അതിര് എവിടെ വരും. കുടിയേറ്റ കർഷകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ റവന്യൂ, വനം വകുപ്പുകൾക്ക് കഴിയുന്നില്ല. വന്യജീവി സങ്കേതങ്ങളുടെ അതിരുകൾ വളഞ്ഞുപുളഞ്ഞു കിടക്കുന്നതിനാൽ സ്വാഭാവികമായും ഒരു കിലോമീറ്റർ അതിർത്തിയും അതേ ആകൃതിയിൽ കിടക്കേണ്ടതാണ്. അതുണ്ടായില്ലെന്നു മാത്രമല്ല നിരവധി റവന്യൂ വില്ലേജുകളെ വനംവകുപ്പ് നിലവിൽ വനമായി കണക്കാക്കിയിട്ടുമുണ്ട്. റവന്യൂ വകുപ്പിന്‍റെ ഇടപെടൽ ഒഴിവാക്കി വനം വകുപ്പ് സ്വന്തം താൽപര്യപ്രകാരം കരുതൽ മേഖല നിശ്ചയിച്ചതാണ് കുടിയേറ്റ ജനതയെ ദുരിതത്തിലാക്കിയത്.
കേരളത്തിൽ വനമല്ലാത്ത ഭൂമിയുടെ നിയന്ത്രണാവകാശം റവന്യൂ വകുപ്പിനാണ്. ജില്ല ഭൂപടങ്ങളും താലൂക്ക്, വില്ലേജ് ഭൂപടങ്ങളും തയാറാക്കുന്നതും അതിർത്തികൾ നിശ്ചയിക്കുന്നതും റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിൽ സർവേ വകുപ്പാണ്. ഇങ്ങനെ തയാറാക്കുന്ന ഭൂപടമാണ് ഒരു പ്രദേശം വനമാണോ റവന്യൂ ഭൂമിയാണോ എന്ന് നിർണയിക്കാനുള്ള അടിസ്ഥാന രേഖ. ഈ രേഖയുടെ അടിസ്ഥാനത്തിലോ കാലാകാലങ്ങളിൽ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും പക്ഷിസങ്കേതങ്ങളും സ്ഥാപിച്ച അന്തിമ വിജ്ഞാപനങ്ങളിൽ വിവരിച്ചിരിക്കുന്ന അതിർത്തികളിൽനിന്നും ഒരു കിലോമീറ്റർ വീതിയിലോ വേണം കരുതൽ മേഖല നിർണയിക്കാൻ.
എന്നാൽ, ഈ രീതിയിലല്ല നിലവിൽ കരുതൽ മേഖല നിശ്ചയിച്ചിരിക്കുന്നത്. വനേതര ഭൂമിയിൽ ഏതൊക്കെ സർവേ നമ്പറുകളിൽ, ഏതൊക്കെ ഭാഗത്ത് ഏതുതരത്തിലുള്ള സർവേയാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. റവന്യൂ ഭൂമിയിൽ എവിടെയൊക്കെ വനംവകുപ്പിന്‍റെ സർവേ നടന്നുവെന്ന വിവരം റവന്യൂ വകുപ്പിലുമില്ല. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും കൃത്യമായ ഭൂപടം അതത് സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ലയുടെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും ലഭ്യമാണ്.
വനംവകുപ്പ് നിശ്ചയിച്ച ഒരു കിലോമീറ്റർ കരുതൽ മേഖല കൃത്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല സർക്കാറിനുണ്ട്. അതിനുശേഷം മാത്രമേ ഉപഗ്രഹ സർവേയിൽ വിട്ടുപോയവ കൂട്ടിച്ചേർക്കാനും നിർമിതികൾ സംബന്ധിച്ച വിവരശേഖരണത്തിനുമായി സ്ഥലപരിശോധന നടത്തുന്നതുകൊണ്ട് പ്രയോജനമുള്ളൂ.
എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വനം, റവന്യൂ വകുപ്പുകൾ പുറത്തുവിട്ടിട്ടില്ല. പഞ്ചായത്തുതല സ്ഥല, നിർമിതി നിർണയ സമിതികളെ നിശ്ചയിക്കാതെ പഞ്ചായത്തുകളിൽ സഹായ കേന്ദ്രങ്ങൾ മാത്രം തുടങ്ങിയത് അതിർത്തി അളക്കുന്നതിൽനിന്ന് റവന്യൂ വകുപ്പിനെ അകറ്റിനിർത്താനാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
കോഴിക്കോട്: സംരക്ഷിതവനങ്ങളുടെ കരുതൽമേഖല സംബന്ധിച്ച ഉപഗ്രഹ സർവേയിൽ അപാകതയുണ്ടാകുമെന്നുതന്നെയാണ് സർക്കാർ നിലപാടെന്നും ഈ ഉപഗ്രഹ സർവേ റിപ്പോർട്ടല്ല സുപ്രീംകോടതിയിൽ സമർപ്പിക്കുകയെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സർവേയിലെ പരാതികൾ പരിഹരിച്ച് മാത്രമാണ് റിപ്പോർട്ട് സമർപ്പിക്കുക. ഇക്കാര്യത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
ആളുകൾക്കും സംഘടനകൾക്കുമെല്ലാം പരാതികൾ ബോധിപ്പിക്കാൻ അവസരമുണ്ടാകും. പരാതികൾ പരിശോധിച്ച് നടപടി കൈക്കൊള്ളുക ജുഡീഷ്യൽ സ്വഭാവമുള്ള സമിതിയാണ്.പരാതി സ്വീകരിക്കാനുള്ള തീയതി നീട്ടും. ഇതിന്റെ മുന്നോടിയായാണ് വിദഗ്ധസമിതിയുടെ കാലാവധി സർക്കാർ രണ്ടുമാസം നീട്ടിയത്. ഈ സമിതിയാണ് പരാതി സ്വീകരിക്കാനുള്ള സമയം ദീർഘിപ്പിക്കുക.
ഡിസംബർ 20ന് ചേരുന്ന സമിതി യോഗം പരാതി സ്വീകരിക്കാനുള്ള സമയം നീട്ടും. മേപ്പ് നോക്കിയാൽ സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാവില്ല എന്നതാണ് താമരശ്ശേരി ബിഷപ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്തുകളുടെ സഹായംതേടുന്നത്. ആവശ്യമെങ്കിൽ റവന്യൂവകുപ്പിന്റെ സഹായവും തേടും. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വാങ്ങണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം സ്വാഗതാർഹമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.