തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ബുധനാഴ്ച ചേരും. തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് യോഗം. ജനവാസ മേഖല ഒഴിവാക്കി ഭൂപടം തയ്യാറാക്കാൻ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണിത്. ഫീല്‍ഡ് പഠനം സംബന്ധിച്ച തുടർനടപടികൾ യോഗത്തില്‍ തീരുമാനിക്കും.
ഉപഗ്രഹ സർവേയിൽ പിഴവുകളുണ്ടെന്ന് സർക്കാർതന്നെ സമ്മതിച്ച സാഹചര്യത്തിൽ ഫീൽഡ് സർവേ കാര്യക്ഷമമായും വേഗത്തിലും നടത്താനാണ് കഴിഞ്ഞ ദിവസത്തെ ഉന്നതതലയോഗത്തിൽ ധാരണയായത്. കരുതൽ മേഖല സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഹരിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടും. ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയരുന്ന സാഹചര്യത്തിലാണിത്. ഉപഗ്രഹസർവേ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന ജനുവരിയിൽ ഫീൽഡ് സർവേയുടെ പ്രാഥമിക വിവരങ്ങളെങ്കിലും നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് എന്തായാലും കോടതിയിൽ നൽകണം. ഫീൽഡ് സർവേയുടെ പ്രാഥമിക റിപ്പോർട്ട് നൽകാനായാൽ ഉപഗ്രഹ സർവേയുടെ പരിമിതികൾ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. പഞ്ചായത്തുകളിലെ ഹെൽപ് ഡെസ്കുകൾ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരെകൂടി ഉൾപ്പെടുത്തി വിപുലീകരിക്കും. യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.