തിരുവനന്തപുരം: കരുതൽ മേഖല വിഷയത്തിൽ 2019ലെ മന്ത്രിസഭ തീരുമാനത്തെ തുടർന്നുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന മന്ത്രിയുടെ പരാമർശത്തിൽ നിയമസഭയിൽ ചൂടേറിയ ചർച്ച. സർക്കാർ പിടിവാശിയും ദുരഭിമാനവും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവടക്കമുള്ളവർ സഭയെ സമർഥമായി തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
കഴിഞ്ഞ നിയമസഭയിൽ മന്ത്രിയും സർക്കാറും വ്യക്തമായി സൂചിപ്പിച്ചത് 2019 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി വന്നതെന്നും അതുകൊണ്ട് 2019 ലെ മന്ത്രിസഭ തീരുമാനവും ഉത്തരവ് റദ്ദാക്കുമെന്നുമായിരുന്നെന്നും എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. ഇപ്പോൾ പറയുന്നത് ആ ഉത്തരവ് റദ്ദാക്കിയിട്ടില്ല, പകരം പുതിയ ഉത്തരവ് ഇറക്കിയെന്നും. പൂർണമായി ആ ഉത്തവരവ് റദ്ദാക്കണം. അതല്ലായെങ്കിൽ സുപ്രീംകോടതി വിധി അതുപോലെ തുടരുന്ന സ്ഥിതിയാകും ഉണ്ടാകുകയെന്നും അനിൽകുമാർ വ്യക്തമാക്കി.
എന്നാൽ, ഏതെങ്കിലും ഉത്തരവ് പുറപ്പെടുവുക്കുകയോ റദ്ദാക്കുകയയോ അല്ല, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൊതുസ്ഥലങ്ങളെയും കരുതൽമേഖലയിൽനിന്ന് ഒഴിവാക്കുക എന്നതാണ് പ്രധാനമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. 2019 ലെ മന്ത്രിസഭ തീരുമാനവും അതിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവും ഒരു കിലോമീറ്റർവരെ ജനവാസമേഖലയിലേക്ക് കരുതൽ മേഖല വ്യാപിപ്പിക്കാമെന്നാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതങ്ങനെ നിലനിൽക്കുമ്പോൾ ഇപ്പോൾ അതു കുറക്കണമെന്ന് പറഞ്ഞാൽ സുപ്രീംകോടതിയിൽ ഉത്തരം മുട്ടും. പാളിച്ച തിരുത്താനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
2019 ലെ സർക്കാർ ഉത്തരവാണ് പുതിയ കേന്ദ്രവിജ്ഞാപനത്തിനായി പരിഗണിച്ചിട്ടുള്ളതെന്നും സർക്കാർ ദുർവാശി മാറ്റിവെക്കമെന്നും സതീശൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കരുതൽ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിർമാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവേക്ക് പുറമേ, നേരിട്ടുള്ള പരിശോധന കൂടി നടത്തും. സാങ്കേതികവിദ്യ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള കരുതൽ മേഖല സംബന്ധിച്ച 2019 ലെ മന്ത്രിസഭ തീരുമാനം റദ്ദാക്കില്ലെന്ന് സർക്കാർ. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മന്ത്രി സഭ തീരുമാനം റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിരുന്നെങ്കിലും അതിൽനിന്ന് വ്യത്യസ്തമായാണ് നിയമസഭയിൽ വ്യക്തമാക്കിയ പുതിയ നിലപാട്.
2019 ലെ മന്ത്രിസഭ തീരുമാനത്തിൽ 0-1 കിലോമീറ്റർ വരെ കരുതൽമേഖല എന്നാണ് വ്യക്തമാക്കിയിരുന്നതെന്നും എന്നാൽ, 2020 ലെ മന്ത്രിതല സമിതി 'ജനവാസ മേഖലകൾ ഒഴിവാക്കി'എന്ന ദേഭഗതി വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഈ മന്ത്രിതല സമിതി തീരുമാനത്തിന് മന്ത്രിസഭ സാധൂകരണം നൽകിയിട്ടുണ്ട്. അതിനാൽ പഴയ മന്ത്രിസഭ തീരുമാനം റദ്ദാക്കേണ്ടതില്ല. കരുതൽ മേഖല വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.
2019 ലെ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല കരുതൽ മേഖല സംബന്ധിച്ച സുപ്രീംകോടതിവിധി വന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആ തീരുമാനവും സുപ്രീംകോടതി വിധിയും തമ്മിൽ ഒരു ബന്ധവുമില്ല.
ഇപ്പോൾ ആ മന്ത്രിസഭ തീരുമാനം റദ്ദാക്കുന്നെന്ന് പറഞ്ഞാൽ സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമമെന്നനിലയിലാണ് വ്യാഖ്യാനിക്കുക. ഏതു തീരുമാനമാണോ മന്ത്രിസഭ ഒടുവിൽ എടുത്തിട്ടുള്ളത്, ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിലെ ഉത്തരവാണ് നിലനിൽക്കുന്നത്. അത് എല്ലാ നിയമോപദേശങ്ങൾക്കും ശേഷം സ്വീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.