1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ്​ കു​ടി​യേ​റി​യ​വ​ർ​ക്ക്​ പ​ട്ട​യം ന​ൽ​കി​യ ഭൂ​മി​യ​ട​ക്കം വ​ന​മേ​ഖ​ല​യാ​ണെ​ന്ന്​ സൂ​ചി​പ്പി​ച്ച്​ വ​നം വ​കു​പ്പ്​ പ​രി​സ്ഥി​തി വ​കു​പ്പി​ന്​ ന​ൽ​കി​യ ക​ത്തി​ന്‍റെ  ഭാ​ഗം

കരുതൽ മേഖല: സർക്കാർ പതിച്ചുനൽകിയ ഭൂമി വനവിസ്തൃതിയിൽനിന്ന് കുറച്ചില്ല; കരുതലില്ലാതെ വനം വകുപ്പ്

കോട്ടയം: കാലാകാലങ്ങളിൽ കുടിയേറ്റ കർഷകർക്കും ഭൂരഹിതർക്കും സംസ്ഥാന സർക്കാർ പതിച്ചുനൽകിയ ഭൂമി വനവിസ്തൃതിയിൽനിന്ന് കുറവ് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ്. ഇത്തരം ഭൂമികൂടി വനമായി പരിഗണിച്ചാണ് സംരക്ഷിത വനമേഖലകൾക്കു ചുറ്റും കരുതൽ മേഖല നിർണയിക്കുന്നത്.

22 വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതി നിശ്ചയിച്ച് നടത്തിയ ഉപഗ്രഹ സർവേയിൽ ഒരു കിലോമീറ്ററിന് പകരം പല കിലോമീറ്ററുകൾ കരുതൽ മേഖലയായി മാറിയതിനു കാരണവും വനംവകുപ്പിന്‍റെ ഈ പിഴവുതന്നെ. ചിലയിടങ്ങളിൽ കരുതൽ മേഖലയാകേണ്ടിയിരുന്ന ചില പഞ്ചായത്തുകൾ കരുതൽ മേഖലയായില്ല.

മറ്റു ചിലയിടങ്ങളിൽ രണ്ടും മൂന്നും പഞ്ചായത്ത് കഴിഞ്ഞുള്ള പഞ്ചായത്തുകൾ കരുതൽ മേഖലയായി. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലുള്ളവർ സമാനമായ പ്രശ്നം നേരിടുന്നുണ്ട്.2015 ജൂൺ ആറിന് അന്നത്തെ വനം മേധാവി ഡോ. ആർ.എസ്. കോറി അന്നത്തെ പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ കേരളത്തിലെ സർക്കാർ വനവിസ്തൃതി 9741.4 ചതുരശ്രകിലോമീറ്ററാണെന്നും ഇത് കൈയേറ്റമടക്കമുള്ള വനവിസ്തൃതിയാണെന്നും പറയുന്നു.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകളെത്തുടർന്ന് 123 ഇ.എസ്.എ വില്ലേജുകളിൽ ആശയക്കുഴപ്പം നിലനിന്ന സമയത്താണ് ഈ കത്ത് നൽകിയിരിക്കുന്നതെന്നത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.ഇനിയും ഈ പിഴവ് പരിഹരിച്ചിട്ടില്ലാത്തതിനാൽ മലയോര മേഖലയിലെ കൂടുതൽ പഞ്ചായത്തുകളിൽ കരുതൽ മേഖലയുടെ പേരിൽ പ്രതിസന്ധിയുണ്ടായേക്കാമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

വിവിധ നിയമങ്ങളുടെയും നയതീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പലപ്പോഴായി നൽകിയ പട്ടയങ്ങൾ, ഏലമലക്കാട്, സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകൾ, 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയവർക്കു നൽകിയ പട്ടയങ്ങൾ എന്നിവയൊന്നും വനവിസ്തൃതിയിൽനിന്ന് വനം വകുപ്പ് കുറവു ചെയ്തിട്ടില്ല. ചുരുക്കത്തിൽ സംസ്ഥാന സർക്കാർ ഭൂമി സംബന്ധിച്ച് എടുത്ത തീരുമാനങ്ങളൊന്നും വനം വകുപ്പിന് ബാധകമല്ലാത്ത സ്ഥിതിയാണ്.

വനത്തോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകൾ വനംരേഖയിൽ വനമായി കണക്കാക്കിയിരിക്കുന്നതിനാൽ അവിടെ കരുതൽ മേഖലയുടെ ആവശ്യമില്ല.അത്തരം പഞ്ചായത്തുകളുടെ തൊട്ടടുത്തുള്ള പഞ്ചായത്തുകൾ വനത്തിനു സമീപമാണെന്നുകാട്ടി കരുതൽ മേഖലയിൽപെടുത്തുകയും ചെയ്തു. ഇതോടെയാണ് യഥാർഥ വനാതിർത്തിയിൽനിന്ന് കിലോമീറ്ററുകൾ അകലെവരെ കരുതൽ മേഖല രൂപപ്പെട്ടത്. 

കരുതൽ മേഖല: ഇന്ന് യോഗം

തിരുവനന്തപുരം: കരുതൽ മേഖല വിഷയത്തില്‍ ആശങ്കകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം. കരുതൽ മേഖല സംബന്ധിച്ച കേസ് ജനുവരിയിൽ സുപ്രീംകോടതിയില്‍ വരാനിരിക്കെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. നിരവധി ജനവാസമേഖലകള്‍ ഉപഗ്രഹസര്‍വേയില്‍നിന്ന് വിട്ടുപോയതായ ആക്ഷേപം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

വനം, റവന്യൂ, തദ്ദേശ, ധനകാര്യ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വനം മേധാവിയും വിവിധ വകുപ്പ് തലവന്മാരും പങ്കെടുക്കും. കരുതൽമേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ വിഷയവും ചർച്ചചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കരുതൽ മേഖല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഉപഗ്രഹ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് വനം മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.അതേസമയം, കരുതൽ മേഖല ഉള്‍പ്പെടുന്ന ജനവാസമേഖലകള്‍ പൂര്‍ണമായും കണ്ടെത്തുന്നതിനുള്ള ഫീല്‍ഡ് തല സര്‍വേയുടെ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനം ഉണ്ടായേക്കും. 

Tags:    
News Summary - buffer Zone: The land allotted by the government is not subtracted from the forest area; Careless forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.