തിരുവനന്തപുരം :വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണം എന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടനയുടെ 137-ാം അനുച്ഛേദപ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ഈ വർഷം ജൂൺ മൂന്നിലെ വിധി കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതുണ്ട് എന്ന് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധി നേരത്തെയുള്ള ഗോവ ഫൗണ്ടേഷന്‍ കേസുമായി ബന്ധപ്പെട്ട വിധിയുമായി യോജിക്കുന്നില്ല. മാത്രമല്ല 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളും പ്രായോഗികമല്ല. ബഫർ സോണില്‍ ഉള്‍പ്പെട്ട പലപ്രദേശങ്ങളും ഇപ്പോള്‍ ടൗണ്‍ ഷിപ്പുകള്‍ കൂടിയാണ്.
അവിടെ ആളുകളെ മാറ്റി പാര്‍പ്പിക്കുക പ്രായോഗികമല്ലെന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു. ഇക്കോ സെന്‍സിറ്റീവ് സോണില്‍ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും സ്‌കൂളുകളും മറ്റ് പൊതുസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പരിസ്ഥിതിയും ജനജീവിതവും ഒരേപോലെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കാര്യത്തില്‍ സംസ്ഥാനം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.