തിരുവനന്തപുരം: കരുതൽമേഖല നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇളവ് നൽകിയതോടെ മലയോര കർഷകർ ആശ്വാസത്തിൽ. ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച രേഖകൾ മുഴുവൻ കോടതി ബുധനാഴ്ചത്തെ വിധിയിലൂടെ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ. ഇ.സി) ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ ചിത്രങ്ങളടക്കം കോടതിയിൽ സമർപ്പിച്ചാണ് ജനവാസമേഖലയെക്കുറിച്ചുള്ള ആശങ്ക ബോധ്യപ്പെടുത്തിയത്. സുൽത്താൻ ബത്തേരി നഗരസഭയും ബ്ലോക്ക് പഞ്ചായത്തും പൂർണമായും കരുതൽമേഖലയിൽ ഉൾപ്പെട്ടത് കേരളത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതും വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
അന്തർസംസ്ഥാന അതിരുകൾ പങ്കിടുന്ന ഭാഗത്ത് വിധി ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയതും ആശ്വാസമാണ്.കേന്ദ്ര വനം- പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനവകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002-2016) വിജ്ഞാപന പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാക്കിയതോടെയാണ് കരുതൽമേഖല സംബന്ധിച്ച് ആശങ്കക്ക് തുടക്കമായത്.
മുൻ യു.ഡി.എഫ് സർക്കാർ നൽകിയിരുന്ന റിപ്പോർട്ട് ഒഴിവാക്കി, ഒരുകിലോ മീറ്ററാക്കി ചുരുക്കിയും അതിനുള്ളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുമായിരുന്നു ഒന്നാം പിണറായി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാടെടുക്കുന്നതിന് മുമ്പാണ് തമിഴ്നാട് നീലഗിരിയുടെ വനഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ കോവിലകത്തെ ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി വിധിവന്നത്.
എല്ലാ സംരക്ഷിത വനമേഖലകൾക്കും അടുത്തുള്ള ഒരുകിലോമീറ്റർ ചുറ്റളവ് നിർബന്ധമായും പരിസ്ഥിതി ദുർബല മേഖലയാക്കണമെന്ന് 2022 ജൂൺ മൂന്നിന് വിധി പുറപ്പെടുവിച്ചു.ഗോവയിലെ ദേശീയ പാർക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന 2014 ഏപ്രിൽ 21ലെ ഉത്തരവാണ് അതിന് ആധാരമാക്കിയത്.ജനവാസമേഖലകളും നഗരപ്രദേശങ്ങളും കരുതൽമേഖലയിൽ ഉൾപ്പെടുന്നത് മനസ്സിലാക്കി വിധിക്കെതിരെ കേന്ദ്രം പെറ്റീഷൻ നൽകി. കേരളം അതിൽ കക്ഷി ചേരുകയും ചെയ്തു. കേരളത്തിന് നേരിട്ട് വാദം ഉന്നയിക്കാൻ അവസരവും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.