തിരുവനന്തപുരം: കെട്ടിട നിർമാണ അപേക്ഷയുമായി ബന്ധപ്പെട്ട ആധികാരിക രേഖകൾ മുഴുവൻ സൂക്ഷിക്കുന്നത് രണ്ടുവട്ടം പരീക്ഷിച്ച് പഴിയും പരാതിയുംകേട്ട സ്വകാര്യകമ്പനി സോഫ്റ്റ്വെയറിൽ.2023 ഓടെ കരാർ കാലാവധി തീർന്ന കമ്പനിക്ക് വീണ്ടും അഞ്ചുവർഷത്തേക്ക് കൂടി സർക്കാർ കരാർ നീട്ടുകയായിരുന്നു.
കെട്ടിട ഉടമകളുടെ ഒറിജിനൽ പ്രമാണങ്ങളുടെ സ്കാൻചെയ്ത കോപ്പി ഉൾപ്പെടെ വിവിധ രേഖകകളാണ് ഇവരുടെ പക്കലുള്ളത്. പുണെയിലെ ദേവ്പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം) എന്ന സോഫ്റ്റ്വെയർ കമ്പനിക്കാണ് കരാർ നൽകിയത്.
3000 സ്ക്വയർഫീറ്റ് വരെയുള്ള നിർമാണങ്ങളാണ് ഐ.ബി.പി.എം.എസ് വഴി ഓൺലൈനിലൂടെ നൽകുക. സംസ്ഥാനത്ത് കോഴിക്കോട് ഒഴികെ അഞ്ച് കോർപറേഷനുകളിലും ഒമ്പത് മുനിസിപ്പാലിറ്റികളിലുമാണ് ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്.
നേരത്തേ ഇത് ബി.പി.എം.എസ് എന്നപേരിൽ സോഫ്ടെക് എന്ന കമ്പനിക്ക് കീഴിലായിരുന്നു. 2009 ൽ സ്ഥാപിച്ച ഈ സോഫ്റ്റ്വെയർ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ 2013ൽ ഒഴിവാക്കി. അപ്പോൾ അതുവരെ സ്വീകരിച്ച കെട്ടിടനിർമാണ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ബി.പി.എം.എസിന്റെ പക്കലാവുകയും ചെയ്തു.
പിന്നീട് ഇൻഫർമേഷൻ കേരള മിഷനെ (ഐ.കെ.എം) ഉപയോഗിച്ച് സങ്കേതം സോഫ്റ്റ്വെയർ കൊണ്ടുവന്നു. ഇതിനിടെ 2016ൽ വീണ്ടും ബി.പി.എം.എസ് കടന്നുകൂടാൻ ശ്രമം നടത്തിയെങ്കിലും കരിമ്പട്ടികയിൽ പെടുത്തിയതിനാൽ സാധിച്ചില്ല. ശ്രമം പാളിയതോടെ പേരിൽ രൂപമാറ്റം വരുത്തി ദേവ്പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ ഐ.ബി.പി.എം.എസായി വീണ്ടും കയറിപ്പറ്റി.
2017ൽ മൂന്നു കോടിക്കാണ് കരാർ നൽകിയത്. ഇങ്ങനെ കരാർ നൽകിയതിൽ വൻഅഴിമതിയുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. 2023 ജനുവരിയോടെ കാലാവധി തീർന്ന ഐ.ബി.പി.എം.എസിനാണ് വീണ്ടും കരാർ പുതുക്കി നൽകിയത്.
കെട്ടിടനിർമാണ അപേക്ഷ, ഒറിജിനൽ പ്രമാണം, കൈവശാവകാശ രേഖ, കരംഅടച്ച രസീത്, കെട്ടിടം ഉണ്ടെങ്കിൽ അതിന്റെ നികുതി അടച്ച രസീത്, അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) തുടങ്ങിയ രേഖകകളുടെ ഒറിജിനൽ സ്കാൻ കോപ്പിയാണ് സ്വകാര്യ കമ്പനി സോഫ്റ്റ്വെയറിൽ സൂക്ഷിക്കുന്നത്.
വ്യക്തികൾ സ്വകാര്യമായി സൂക്ഷിക്കുന്ന ഇത്തരം രേഖകൾ ഇത്തരം കമ്പനികളുമായി ബന്ധപ്പെട്ടവർ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.