കെട്ടിട നികുതി വൈദ്യുതി-വെള്ളം ബില്ലിനൊപ്പം; ചർച്ച തുടങ്ങി

തിരുവനന്തപുരം: കുടിശ്ശിക പെരുകുന്നത് ഒഴിവാക്കാൻ വൈദ്യുതി ബില്ലിലോ വാട്ടർ ബില്ലിലോ ചേർത്ത് കെട്ടിടനികുതിയും പിരിക്കാൻ സർക്കാർ ആലോചന. ഒന്നുകിൽ രണ്ടുമാസത്തിലൊരിക്കലോ അതല്ലെങ്കിൽ ആറുമാസം വീതം രണ്ട് തവണകളായോ പിരിക്കാനാണ് തീരുമാനം.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം തേടി ചർച്ച തുടങ്ങി.വൈദ്യുതി- വാട്ടർ ബില്ലുകൾക്കൊപ്പം കെട്ടിടനികുതിയും ഉൾപ്പെടുത്തി നൽകിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതിക്ക് മുമ്പുതന്നെ ഉപഭോക്താക്കൾ കൃത്യമായി പണമടയ്ക്കും. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അധിക ബാധ്യതയാകില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, നികുതി പിരിവ് ഇപ്പോഴത്തെ 30- 40 ശതമാനം എന്നതിൽനിന്ന് 100 ശതമാനത്തിലേക്ക് എത്തിക്കാനും കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കണക്ഷൻ വിച്ഛേദിക്കുമെന്ന ഭയമുള്ളതിനാൽ പൂട്ടിക്കിടക്കുന്ന വീടായാലും വൈദ്യുതി ബില്ലും ജല ബില്ലും ആരും അടയ്ക്കാതിരിക്കാറില്ല.നികുതി പിരിവ് കാര്യക്ഷമമല്ലാതായതോടെ തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനത്തിൽ വൻ ഇടിവാണുണ്ടായത്.

ഏത് വിധേനയും ഇതിനെ മറികടക്കാനാണ് സർക്കാർ ആലോചന. പുതിയ നീക്കത്തിന്‍റെ നിയമ, പ്രായോഗിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തെ വകുപ്പിന്‍റെ കോഓഡിനേഷൻ കമ്മിറ്റി യോഗം ചുമതലപ്പെടുത്തി. പ്രധാനമായും കെ.എസ്.ഇ.ബിയുടെ സഹകരണമാണ് തേടുന്നത്. വാട്ടർ ബില്ലിനെക്കാൾ കൃത്യതയോടെ ജനം വൈദ്യുതി ബിൽ അടയ്ക്കുന്നുണ്ടെന്നതാണ് ഇതിന് കാരണം.സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന വാദമുയർത്തി നിയമക്കുരുക്കുകൾ മറികടക്കാനാണ് സർക്കാർ നീക്കം. നിലവിൽ ആറ് മാസത്തിലൊരിക്കൽ എന്ന രീതിയിൽ വർഷത്തിൽ രണ്ടുതവണകളായാണ് നികുതി പിരിക്കുന്നത്. ചുരുക്കം പേർ ഒഴിച്ചാൽ വലിയൊരു ശതമാനം ആളുകളും കെട്ടിടനികുതി കുടിശ്ശിക വരുത്തുന്നത് പതിവാണ്. ആറുമാസം വീതം രണ്ടുതവണ എന്നതിനെക്കാൾ രണ്ട് മാസത്തിലൊരിക്കൽ ആറ് തവണകളായി കെട്ടിട നികുതി പിരിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് പൊതു അഭിപ്രായം.

Tags:    
News Summary - Building tax along with electricity-water bill; Discussion started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.