കൊച്ചി: ദേശീയ ഗെയിംസിനായി എത്തിച്ച വെടിയുണ്ടകൾ കാണാതായ കേസ് സി.ബി.ഐക്ക് കൈമാറാൻ ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന റൈഫിൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന കേസിലാണ് ഹൈകോടതി നടപടി. സംസ്ഥാന പൊലീസ് മികച്ച നിലയിൽ കേസ് അന്വേഷിച്ചെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ സി.ബി.ഐക്ക് കൈമാറുന്നതാണ് ഗുണപ്രദമെന്ന് ജസ്റ്റിസ് ബി. കെമാൽപാഷ അഭിപ്രായപ്പെട്ടു.
കേസ് ഏറ്റെടുക്കുന്നതിൽ സി.ബി.ഐക്ക് എതിരഭാപ്രായമുണ്ടോ എന്ന് ഒരാഴ്ച മുമ്പ് സി.ബി.ഐയോട് കോടതി ആരാഞ്ഞിരുന്നു. എന്നാൽ, അന്വേഷണത്തിന് എതിർപ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ ഇന്ന് ഹൈകോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ കെമാൽപാഷ ഉത്തരവിട്ടത്.
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങളുടെ പരിശീലനത്തിനും മത്സരത്തിനുമായി എത്തിച്ച ഒന്നര ലക്ഷം വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്് കൊല്ലം സ്വദേശി അഡ്വ. സാജുവാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ നൽകിയ പരാതിയിൽ കേരള പൊലീസിനോട് അന്വേഷണം നടത്തുവാൻ ഹൈകോടതി നിർദേശിച്ചിരുന്നു. കേസെടുത്ത പാലക്കാട് ക്രൈംബ്രാഞ്ച് റൈഫിൾ അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് മൊഴി ശേഖരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സാജു വീണ്ടും ഹൈകോടതിയെ സമീപിച്ചത്.
അതേസമയം, അറസ്റ്റ് നടപടികൾ ഒഴിവാക്കുന്നതിനായി പാലക്കാട് റൈഫിൾ അസോസിയേഷൻ ഭാരവാഹികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.