കോഴിക്കോട്: പൊതുരംഗത്തുള്ള മുസ്ലിം സ്ത്രീകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി 'ബുള്ളി ബായ്' ആപ് പുറത്തിറക്കിയവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്ന് സംഭവത്തിലെ ഇരകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികളും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്നു പറഞ്ഞ് നേരത്തേ സുള്ളി ഡീൽസ് എന്ന വ്യാജ ആപ് പുറത്തിറക്കിയിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാളിയുമായ ആയിഷ റെന്ന, ജെ.എൻ.യു യൂനിയൻ അംഗവും ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര സെക്രേട്ടറിയറ്റ് അംഗവുമായ അഫ്രിൻ ഫാത്തിമ, പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫർസാന, കാണാതായ നജീബ് അഹമ്മദിെൻറ ഉമ്മ ഫാത്തിമ നഫീസ് തുടങ്ങിയ നിരവധി പേരുടെ വിവരങ്ങളാണ് ബുള്ളി ബായ് ആപ്പിലുള്ളത്. ഹിന്ദുത്വ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപവും ലിംഗാധിഷ്ഠിതമായ ഇസ്ലാംഭയത്തിെൻറയും പ്രകടനങ്ങളാണിതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു. ഇതിന് പിന്നിലുള്ളവർക്കെതിരെ ഭരണകൂടവും പൊലീസും നടപടിയെടുക്കുന്നില്ല. ആറുമാസം മുമ്പ് സമാന സാഹചര്യതിൽ കേരളത്തിലും ഡൽഹിയിലും യു.പിയിലും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇരകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകും. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടും.
ലദീദ ഫർസാന, ആയിഷ റെന്ന, നിദ പർവീൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം ലുബൈബ് ബഷീർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.കെ. നുജൈം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.