ബസ്​ ചാർജ്​ ഉടൻ കൂട്ടും -ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക്​ വർധിപ്പിക്കാൻ തീരുമാനമായതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനത്തിന് മേൽ അമിത ഭാരം അടിച്ചേൽപിക്കാതെ എങ്ങനെ നിരക്കു വർധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതൽ നിലവിൽ വരണമെന്ന് ഉടൻ തീരുമാനിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി ആശയവിനിമയം നടത്തും.

ഇന്ധനവില ക്രമാതീതമായി വർധിച്ചതിനാൽ ബസ് ചാർജ് വർ‌ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിച്ചു. ചാർജ് വർധിപ്പിക്കുമ്പോൾ, ഓരോ ഫെയർ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ്​ ഉടമകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ സ്വകാര്യ ബസ് ഉടമകളുടെ മൂന്നംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

മിനിമം നിരക്ക് എട്ട്​ രൂപയിൽനിന്ന് 12 ആക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ ആക്കുക, വിദ്യാർഥികളുടെ നിരക്ക് ഒരു രൂപയിൽനിന്ന് ആറ്​ രൂപ ആക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്‍റെ 50 ശതമാനം ആക്കുക, കോവിഡ് കഴിയുന്നതുവരെ ടാക്​സ്​ ഒഴിവാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. ഇവയിൽ ഏതൊക്കെ പരിഗണിച്ചു എന്ന്​ വരും ദിവസം അറിയാൻ കഴിയും. 

Tags:    
News Summary - Bus fare will increase -Minister Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.